ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാഘവ് ചദ്ദയ്ക്ക് മിന്നും വിജയം. ആദ്യ നിയമസഭാതിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എഎപിയുടെ രാഘവ് ചദ്ദ വന്‍ ഭൂരിപക്ഷം നേടിയാണ് വിജയക്കൊടി പാറിച്ചത്. 20058 വോട്ടുകള്‍ക്കാണ് മുതിര്‍ന്ന ബിജെപി നേതാവ് ആര്‍പി സിങ്ങിനെ പരാജയപ്പെടുത്തി രാഘവ് ചദ്ദ വിജയിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ മുതല്‍ രാഘവ് ചദ്ദ മാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം സ്ത്രീകളുടെ ആരാധനാപാത്രമായി മാറിയ രാഘവ് ചദ്ദയ്ക്ക് ഒട്ടേറെ വിവാഹാഭ്യര്‍ഥനകളാണ് ഇതിനോടകം വന്നിരിക്കുന്നതെന്നാണ് വിവരം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ 31വയസ്സുകാരനാണ് രാഘവ് ഛദ്ദ. സാമൂഹികമാധ്യമങ്ങളില്‍ ഛദ്ദയെ പിന്തുടരുന്ന യുവതികളാണ് വിവാഹാഭ്യര്‍ഥനകളുമായി രംഗത്തെത്തിയവരില്‍ ഏറെയും. ഏകദേശം പന്ത്രണ്ടോളം വിവാഹാഭ്യര്‍ഥനകള്‍ രാഘവിന് ലഭിച്ചിട്ടുണ്ട്.
പാര്‍ട്ടിയുടെ ദേശീയ വക്താവും ട്രഷററുമായ യുവനേതാവായ രാഘവ് ചദ്ദ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്നു. മൂന്നാം തവണയാണ് കെജ്രിവാള് അധികാരത്തിലെത്തുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിന് ശേഷം ദേശീയ നേതാക്കള്‍ ദിവസങ്ങളോളം പ്രചരണ രംഗത്തെത്തിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ തിരിച്ചടികള്‍ തുടരുകയാണ്. ഒരു വര്‍ഷത്തിനും രണ്ടു മാസത്തിനുമിടെ ആറാമത്തെ സംസ്ഥാനത്തിലാണ് ബി.ജെ.പി തോല്‍വി ഏറ്റുവാങ്ങുന്നത്.