റഫാല്‍: സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് കേസ് സുപ്രീംകോടതി വിധി പറയാനായി മാറ്റിവച്ചു. നാല് മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് കേസ് വിധി പറയാന്‍ മാറ്റിയത്. വാദത്തിനിടെ സുപ്രീംകോടതി വായു സേനാ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി. ഇന്ത്യന്‍ കോടതി ചരിത്രത്തില്‍ അത്യപൂര്‍വ്വമായ സംഭവമായി ഇത്. സുപ്രീംകോടതി ആവശ്യപ്പെട്ടതനുസരിച്ച് വായുസേനാ ഉപമേധാവി വി.ആര്‍.ചൗദരി, എയര്‍ വൈസ് മാര്‍ഷല്‍ ടി.ചലപതി എന്നിവരുടെ നേതൃത്വത്തിലുള്ള വായു സേനാ ഉദ്യോഗസ്ഥര്‍ സുപ്രീംകോടതിയില്‍ ഹാജരായി.

റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ ഗ്യാരന്റിയില്ലെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ.വേണുഗോപാലിന് സുപ്രീംകോടതിയില്‍ സമ്മതിക്കേണ്ടി വന്നു. റഫാല്‍ ഇടപാടില്‍ സുപ്രീംകോടതിയില്‍ പ്രധാനമന്ത്രിയെ പ്രശാന്ത് ഭൂഷണ്‍ കടന്നാക്രമിച്ചു. ടെന്‍ഡര്‍ ചട്ടങ്ങള്‍ ലംഘിച്ച സര്‍ക്കാര്‍ നിയമമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചു. പ്രധാനമന്ത്രി റഫാല്‍ കരാറില്‍ വരുത്തിയ മാറ്റം പ്രതിരോധ മന്ത്രിപോലും അറിയാതെയായിരുന്നു. ഇന്ത്യന്‍ വ്യോമസേന പോലും തീരുമാനം എടുത്തുകഴിഞ്ഞ ശേഷമാണ് ഇക്കാര്യം അറിയുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു.