റാഫേല്‍ അഴിമതി: അക്കമിട്ട് ചോദ്യങ്ങള്‍ നിരത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനം വാങ്ങിയതിലെ ക്രമക്കേടില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 59,000 കോടി രൂപയുടെ ഇടപാടില്‍ അഴിമതി നടന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണം ‘ലജ്ജാകരവും അടിസ്ഥാന രഹിതവു’മാണെന്ന നിര്‍മല സീതാരാമന്റെ നിലപാടിനെ അക്കമിട്ടു നിരത്തിയ ചോദ്യങ്ങളിലൂടെയാണ് രാഹുല്‍ ട്വിറ്ററില്‍ ചോദ്യം ചെയ്തത്. പ്രതിരോധ മന്ത്രിയെ പ്രധാനമന്ത്രി നിശ്ശബ്ദയാക്കുകയാണെന്നും പ്രതിരോധ രംഗത്ത് പരിചയമുള്ള എച്ച്.എ.എല്ലിനെ തഴഞ്ഞത് സംശയാസ്പദമാണെന്നും രാഹുല്‍ ആരോപിച്ചു.

‘പ്രിയപ്പെട്ട രക്ഷാമന്ത്രി, നിങ്ങളുടെ ബോസ് നിങ്ങളെ നിശ്ശബ്ദയാക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ ലജ്ജാകരം. ദയവായി ഞങ്ങളോട് പറയൂ:
1. ഓരോ റാഫേല്‍ ജെറ്റിന്റെയും അന്തിമ വില എത്ര?
2. വിമാനങ്ങള്‍ വാങ്ങുന്ന കാര്യം പാരീസില്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് പ്രധാനമന്ത്രി സി.സി.എസ് അനുമതി നേടിയിരുന്നോ?
3. എന്തുകൊണ്ടാണ് പ്രധാനമന്ത്രി പരിചയ സമ്പന്നരായ എച്ച്.എ.എല്ലിനെ മറികടന്ന് എ.എ റേറ്റിങ് ഉള്ള, പ്രതിരോധ രംഗത്ത് ഒരു പരിചയവുമില്ലാത്ത ബിസിനസുകാരന് കരാര്‍ നല്‍കിയത്?’ എന്നാണ് രാഹുലിന്റെ ട്വീറ്റ്.

ഫ്രഞ്ച് കമ്പനി ദസ്സോ ഏവിയേഷനില്‍ നിന്ന് 36 പുതിയ റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയ 2015-ലെ ബി.ജെ.പി സര്‍ക്കാറിന്റെ നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് നിശ്ചയിച്ചതിനേക്കാള്‍ കൂടിയ വിലക്കുള്ള ഇടപാടിലൂടെ പൊതുഖജനാവിന് 59,000 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.