ആത്മാഭിമാനം തിരിച്ചെടുക്കാനാണ് മെഡല്‍ നിരസിച്ചത്; രാഷ്ട്രപതി പങ്കെടുക്കുന്ന മെഡല്‍ ദാന ചടങ്ങില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരണവുമായി റബീഹ

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിനി റബീഹ അബ്ദുറഹിമാന്‍.

‘രാഷ്ട്രപതി സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിക്കുന്ന ചടങ്ങ് തുടങ്ങാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് തന്നെ പുറത്താക്കിയതെന്ന് റബീഹ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാനുള്ള പരിശോധനയും സ്‌ക്രീനിംഗും എല്ലാം അവസാനിച്ചിരുന്നു.രാഷ്ട്രപതി വരുന്നതിന് തൊട്ടുമുന്‍പ് സുരക്ഷ ഉദ്യോഗസ്ഥര്‍ വന്ന് ഒരുകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തന്നെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നെ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് വിളിച്ചത്.മറ്റുകുട്ടികള്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.

കാര്യം തിരക്കിയപ്പോള്‍ വ്യക്തമായ ഉത്തരം തന്നില്ല. ഞാന്‍ പുറത്തെത്തിയപ്പോള്‍ അവര്‍ ഓഡിറ്റോറിയത്തിന്റെ വാതില്‍ അടച്ചു, കുറച്ചു നേരം കാത്തിരിക്കാനും പറഞ്ഞു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ എത്തിയില്ല. അവിടെയുള്ള ലോക്കല്‍ പൊലീസിനോട് വിവരം പറഞ്ഞപ്പോള്‍ അവര്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞു.

എന്തുകൊണ്ടാണ് എന്നെ പുറത്താക്കിയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല റബീഹ പറഞ്ഞു. രാഷ്ട്രപതി പോയിക്കഴിഞ്ഞപ്പോഴാണ് എന്നെ അകത്തുകയറ്റിയത്. എനിക്ക് വല്ലാത്ത നിരാശയും സങ്കടവുമായി. എന്നെ പുറത്താക്കാനുള്ള കാരണം എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. എന്റെ ആത്മാഭിമാനം തിരിച്ചെടുക്കാനായിരുന്നു ഞാന്‍ മെഡല്‍ നിരസിച്ചത്. മറ്റൊന്ന് പൗരത്വ നിയമഭേദഗതിക്കെതിരെയും എന്‍ആര്‍സിക്കെതിരെയും തെരുവില്‍ പോരാടുന്ന എല്ലാ വിദ്യാര്‍ത്ഥികളോടും ഐക്യപ്പെട്ടാണ് ഞാന്‍ മെഡല്‍ നിരസിക്കുന്നത്.

എം എ മാസ് കമ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവാണ് റബീഹ. 189 പേരില്‍ തിരഞ്ഞെടുത്ത പത്ത് പേര്‍ക്ക് മാത്രം നേരിട്ട് ബഹുമതി സമ്മാനിച്ച ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദ് മടങ്ങിയ ശേഷമാണ് റബീഹയ്ക്ക് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്.

അതേസമയം പോണ്ടിച്ചേരി സര്‍വകലാശാലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ബിരുദദാന ചടങ്ങ് മൂന്ന് വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിച്ചു. പൗരത്വ ഭേദഗതി നിയമത്തിലും, സര്‍വകലാശാലകളിലെ പൊലീസ് നടപടികളിലും പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്.