ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് പുരസ്‌കാരങ്ങള്‍: അവാര്‍ഡുകള്‍ വാരിക്കൂട്ടി റബാഡ

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ കഴിഞ്ഞ വര്‍ഷത്തിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മിന്നും താരമായി കാഗിസോ റബാഡ. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് അടക്കം ആറു പുരസ്‌കാരങ്ങളാണ് കഴിഞ്ഞ ദിവസം 23കാരന്‍ സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം റബാഡയെ തേടിയെത്തുന്നത്.

ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ടെസ്റ്റ് താരം, ഏകദിന താരം, കളിക്കാര്‍ തെരഞ്ഞെടുത്ത മികച്ച താരം, ആരാധകര്‍ തെരഞ്ഞെടുത്ത താരം, ഡെലിവറി ഓഫ് ദി ഇയര്‍ എന്നീ പുരസ്‌കാരങ്ങളാണ് റബാഡ സ്വന്തമാക്കിയത്. അതേസമയം കഴിഞ്ഞവര്‍ഷത്തെ അന്താരാഷ്ട്ര ടി-20 താരമായി തെരഞ്ഞെടുക്കപ്പെട്ടത് അടുത്തിടെ വിരമിച്ച എ ബി ഡിവില്ലിയേഴ്സാണ്.

ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് പുരസ്‌കാരത്തിന് റബാഡയെ യോഗ്യനാക്കിയത്. കഴിഞ്ഞ വര്‍ഷം 12 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി റബാഡ 72 വിക്കറ്റുകളാണ് വാരിക്കൂട്ടിയത്. 2016-ലാണ് റബാഡയെ ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തത്.

ഹാഷിം അംല, ജാക് കാലിസ്, മഖായ എന്റിനി, എബി ഡിവില്ലേഴ്സ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം രണ്ടുതവണ സ്വന്തമാക്കിയവര്‍. 19-ാം വയസ്സില്‍ ദക്ഷിണാഫ്രിക്കായി അരങ്ങേറിയ താരം 30 ടെസ്റ്റുകളില്‍ നിന്നായി 143 വിക്കറ്റ് സ്വന്തമാക്കി. നിലവില്‍ ടെസ്റ്റ് ബോളിങ് റാങ്കില്‍ ഒന്നാമനാണ് റബാഡ. മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ അച്ചടക്ക നടപടിയുടെ ഭാഗമായി ഒരു ടെസ്റ്റ് മത്സരത്തില്‍ നിന്ന് താരത്തെ വിലക്കയിരുന്നു.

 

മറ്റു അവാര്‍ഡുകള്‍:

കെ എഫ് സി കേണല്‍സ് ഓള്‍വേയ്സ് ഒറിജിനല്‍ അവാര്‍ഡ്: ഡേവിഡ് മില്ലര്‍ (ബംഗ്ലാദേശിനെതിരെ വേഗമേറിയ ടി20 സെഞ്ചുറി നേടിയതിന്)

പുതുമുഖതാരം: അയ്ഡന്‍ മര്‍ക്രം

വനിതാ താരം : ഡെയ്ന്‍ വാന്‍ നീകെര്‍ക്ക്

വനിതാ താരങ്ങളുടെ താരം: ലോറ വോള്‍വാര്‍ഡ്റ്റ്

വനിതാ ഏകദിന താരം : ലോറ വോള്‍വാര്‍ഡ്റ്റ്

വനിതാ ടി20 താരം: ക്ലോ ടൈറോണ്‍