പ്രവാസികളുടെ ഭീതിയകറ്റണം; രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ലോകമെങ്ങുമുള്ള പ്രവാസികള്‍ കടുത്ത ആശങ്കയെയും പ്രശ്‌നങ്ങളെയും നേരിടുകയാണെന്നും അവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നടപടികള്‍ കൈക്കൊളളണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെ താമസിക്കുന്ന പ്രവാസികള്‍ നിരവധിയായ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെ നേരിടുന്നുണ്ട്. അതോടൊപ്പമാണ് കോവിഡ് 19 ന്റെ വ്യാപനത്തെത്തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥയും.

പ്രവാസികള്‍ ജീവിക്കുന്ന രാജ്യങ്ങളില്‍ മരുന്നിന്റെയും ഭക്ഷണത്തിന്റെയും ക്ഷാമം അനുഭവപ്പെടുന്നതായുള്ള പരാതികള്‍ ഉയരുന്നുണ്ട്്്.കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ നാട്ടിലേക്കെത്താനും വഴിയില്ലാതെ വിഷമിക്കുകയാണ്. നാട്ടില്‍ എത്തപ്പെട്ട പ്രവാസികളാകട്ടെ മടങ്ങിച്ചെല്ലുമ്പോള്‍ തങ്ങള്‍ക്ക് ജോലി ഉണ്ടാകുമോ എന്ന ആശങ്കയിലുമാണ്. ഹൃസ്വകാല വിസയില്‍ മറുനാട്ടില്‍ എത്തിയവരും ഇപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ ആശങ്കകളും വിഷമതകളും പരിഗണിക്കുന്നില്ലന്ന പരാതിയും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നാല് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് കൊണ്ട് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്.

നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ വിമാനയാത്ര നിരോധനം കഴിഞ്ഞാലുടനെ നാട്ടിലെത്തിക്കാനുളള നടപടികള്‍ കൈക്കൊള്ളുക, പ്രവാസികള്‍ക്ക് സുരക്ഷയും, മതിയായ ആരോഗ്യ സംവിധാനങ്ങളും ഉറപ്പ് വരുത്താന്‍ വിദേശത്തെ ഇന്ത്യന്‍ കാര്യാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കുക, അവര്‍ക്ക് പ്രത്യക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസികള്‍ക്കായി ഒരു ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് കത്തിലൂടെ രമേശ് ചെന്നിത്തല മുന്നോട്ട് വച്ച നാല് നിര്‍ദേശങ്ങള്‍

SHARE