കനഡയിലെ ക്യൂബക് പള്ളി വെടിവെപ്പ്; ട്രംപിന്റെ ആരാധകനായ അക്രമിയെ പിടികൂടി

അലക്‌സാന്ദ്രെ ബിസോണെറ്റ്

ഒട്ടാവ: കനഡയിലെ ക്യൂബെക്കില്‍ മുസ്ലിം പള്ളിയില്‍ വെടിവെപ്പ് നടത്തി ആറു പേരെ കൊലപ്പെടുത്തിയ അക്രമിയെ പൊലീസ് പിടികൂടി. ഞായറാഴ്ച വൈകീട്ടുണ്ടായ അക്രമത്തിലെ പ്രതിയായ അലക്‌സാന്ദ്രെ ബിസോണെറ്റ് എന്ന 27-കാരനാണ് പിടിയിലായത്. ക്യൂബക് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ 50-ലേറെ പേര്‍ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെയാണ് ബസോണെറ്റ് വെടിയുതിര്‍ത്തത്.

ലാവല്‍ യൂണിവേഴ്‌സിറ്റിയില്‍ ആന്ത്രോപോളജി ബിരുദവിദ്യാര്‍ത്ഥിയായ പ്രതി, പൊലീസുമായി സഹകരിക്കാന്‍ തയാറാണെന്നറിയിച്ച് കീഴടങ്ങുകയായിരുന്നു. വലതുപക്ഷ ആശയക്കാരായ ഇയാള്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്, ഫ്രഞ്ച് വലതുപക്ഷ രാഷ്ട്രീയക്കാരന്‍ മറീന്‍ ലെ പെന്‍ തുടങ്ങിയവരുടെ ആരാധകനാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്യൂബക്കിലെ ഇസ്ലാമിക് സെന്ററിനു നേരെ മുമ്പും വംശീയ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ റമസാനില്‍ പള്ളിയുടെ കവാടത്തില്‍ വംശീയ വാദികള്‍ പന്നിത്തല നിക്ഷേപിച്ചത് വിവാദമായിരുന്നു.