വീട്ടുസഹായിയുടെ മകള്‍ക്ക് കോവിഡ്; മന്‍മോഹന്‍ സിങ് ക്വാറന്റീനിലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ് ക്വാറന്റീനിലെന്ന് റിപ്പോര്‍ട്ട്. മന്‍മോഹന്‍ സിങ്ങിന്റെ നമ്പര്‍ 3 മോത്തിലാല്‍ നെഹ്റു പ്ലേസ് റെസിഡന്‍സിന് മുന്‍പില്‍ ക്വാറന്റീന്‍ നോട്ടീസ് പതിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മന്‍മോഹന്റെ വസതിയില്‍ ജോലി ചെയ്യുന്ന സഹായിയുടെ മകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുടുംബം ക്വാറന്റീനിലാണ്. ഈ പശ്ചാത്തലത്തിലാണ് സിങ്ങും കുടുംബവും ക്വാറന്റീന്‍ കഴിയുന്നത് എന്നാണ് റിപ്പോര്‍ട്ട്. സെര്‍വന്റ് ക്വാര്‍ട്ടേഴ്സിലാണ് സഹായിയും കുടുംബവും താമസിക്കുന്നത്.

കഴിഞ്ഞ മാസം നെഞ്ചുവേദനയെ തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്‍മോഹന്‍ സിങ് ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ആയിരുന്നു. ചികിത്സാ വേളയില്‍ ഇദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയിരുന്നു. ഫലം നെഗറ്റീവ് ആയിരുന്നു.

മുന്‍ പ്രധാനമന്ത്രിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നത്. വ്യാഴാഴ്ച നടന്ന കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി അദ്ദേഹം പങ്കെടുത്തിരുന്നു.

SHARE