മതഭേദങ്ങള്ക്കപ്പുറത്തെ ഐക്യത്തിന്റെ കാഴ്ചയൊരുക്കി ജമ്മു കശ്മീര്‍ കത്രയിലെ വൈഷ്ണദേവി ക്ഷേത്രം. റമസാന്‍ പ്രമാണിച്ച് കത്രയിലെ ആശിര്‍വാദ് ഭവനില്‍ ക്വാറന്റൈനില്‍ കഴിയുന്ന അഞ്ഞൂറോളം മുസ്ലിംകള്ക്കാണ് ക്ഷേത്രം ഇഫ്താര്‍ വിരുന്നൊരുക്കുന്നത്. കോവിഡിന്റെ പശ്ചാതലത്തില്‍ കത്രയിലെ ആശിര്‍വാദ് ഭവനെ ക്വാറന്റൈന് കേന്ദ്രമാക്കി മാറ്റിയിരുന്നു. ഇവിടെ കഴിയുന്ന മുസ്ലിംകള്ക്കാണ് ഇഫ്താറൊരുക്കിയത്.
ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പുലര്‍ച്ചെയും നോമ്പ് മുറിക്കുന്ന നേരത്തും ഭക്ഷണം വിതരണം ചെയ്യാന്‍ വേണ്ടി മാത്രം ക്ഷേത്രം ബോര്‍ഡംഗങ്ങള്‍ അധിക ജോലി എടുക്കുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വരുന്ന കശ്മീരികള്‍ക്ക് ക്വാറന്റൈനില്‍ കഴിയാന്‍ വേണ്ടി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് ഭവന് വിട്ടുനല്‍കുകയായിരുന്നു. 500ഓളം ആളുകള്‍ക്ക് താമസിക്കാവുന്ന സൗകര്യം ഇവിടെയുണ്ട്.
ഇവിടേക്കു വന്ന അധിക പേരും നോമ്പെടുക്കുന്ന കൂലിത്തൊഴിലാളികളാണ്. അവര്‍ റമസാന്‍ മാസത്തില്‍ നോമ്പെടുക്കുന്നവരായതിനാല്‍ അവര്‍ക്കുള്ള ഇഫ്താര്‍ നല്കാന് ഞങ്ങള്‍ തീരുമാനിച്ചു-ക്ഷേത്രം ബോര്‍ഡ് സി.ഇ.ഒ രമേശ്കുമാര്‍ പറഞ്ഞു.