ക്വാറന്റീനില്‍ കഴിയുന്ന കുടുംബത്തെ ഷീറ്റിട്ട് പൂട്ടിയിട്ട് ക്രൂരത

ബാംഗളൂരു; ക്വാറന്റീനില്‍ കഴിയുന്ന കുടുംംബത്തോട് തദ്ദേശ സ്ഥാപനത്തിന്റെ ക്രൂരത. ക്വാറന്റീന്‍ ഉറപ്പാക്കാന്‍ കോവിഡ് ബാധിച്ചയാളുടെ വീട് തകരഷീറ്റ് ഉപയോഗിച്ച് അടക്കുകയായിരുന്നു തദ്ദേശ സ്ഥാപനം. യുവതിയും രണ്ടു കുഞ്ഞുങ്ങളും പ്രായമായ ദമ്പതികളുമടങ്ങുന്ന ഫ്‌ലാറ്റാണ് അടച്ചത്. വിവാദമായതിനെ തുടര്‍ന്ന് ഷീറ്റ് മാറ്റി. ഇതേ അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന സതീഷ് സംഗമേശ്വരന്‍ എന്നയാള്‍ ഫ്‌ലാറ്റിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.

‘കോവിഡ് സ്ഥിരീകരിച്ചതോടെ ബൃഹത് ബാംഗളൂരു മഹാനഗര പാലിക് രണ്ട് ഫ്‌ലാറ്റുകള്‍ അടച്ചു. രണ്ടു ചെറിയ കുട്ടികളുമായി യുവതിയും പ്രായമേറിയ ദമ്പതികളും കഴിയുന്ന ഫ്‌ലാറ്റുകളാണ് ഷീറ്റുപയോഗിച്ച് അടച്ചിരിക്കുന്നത്. ഒരു തീപിടിത്തമുണ്ടായാല്‍ ഇവരെന്തു ചെയ്യും ബിബിഎംപി കമ്മിഷണര്‍ കണ്ടെയ്‌മെന്റിന്റെ ആവശ്യകത ഞങ്ങള്‍ക്ക് അറിയാം എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ന്യായീകരണം അര്‍ഹിക്കുന്നതല്ല’ സതീഷ് കുറിച്ചു.

വിവരം പുറത്തറിഞ്ഞതോടെ വിവിധ ഭാഗങ്ങളില്‍നിന്ന് വിമര്‍ശനമുയര്‍ന്നു. ബിബിഎംപി കമ്മിഷണര്‍ മഞ്ജുനാഥ പ്രസാദ് മാപ്പു പറയുകയും ടിന്‍ ഷീറ്റ് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ‘വീടിനു മുന്നില്‍ വച്ചിരിക്കുന്ന തടസ്സം എത്രയുംവേഗം നീക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാവരെയും അത്യധികം ബഹുമാനത്തോടെ കരുതണമെന്നാണ് പറഞ്ഞിട്ടുള്ളത്. രോഗബാധിതരായവരെ സംരക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് രോഗം പകരാതെയിരിക്കുകയുമാണ് കണ്ടെയ്ന്‍മെന്റിലൂടെ ലക്ഷ്യമിടുന്നത്’ അദ്ദേഹം പറഞ്ഞു.

SHARE