ക്വാറന്റീനിലായ ഡോക്ടര്‍ രോഗികളെ പരിശോധിച്ചു; പോലീസെത്തിയപ്പോള്‍ മുങ്ങി

കാഞ്ഞങ്ങാട്: ക്വാറന്റീനിലായ ഡോക്ടര്‍ രോഗികളെ പരിശോധിച്ച സംഭവം വിവാദത്തില്‍. ക്വാറന്റീനിലായ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി ഇ.എന്‍.ടി. സ്‌പെഷ്യലിസ്റ്റാണ് സ്വകാര്യ ക്ലിനിക്കില്‍ രോഗികളെ പരിശോധിച്ചത്. വിവരമറിഞ്ഞ് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസെത്തിയപ്പോള്‍ ഇദ്ദേഹം ക്ലിനിക്ക് പൂട്ടി കാറില്‍ക്കയറി സ്ഥലംവിടുകയായിരുന്നു. കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനാലാണ് ഇയാളെ ക്വാറന്റീനില്‍ കഴിയാന്‍ വിട്ടത്.

സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി.എസ്.സാബു അറിയിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറുമെന്നും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.കെ.സുധാകരനും അറിയിച്ചു.

കാഞ്ഞങ്ങാട്ട് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. സ്‌പെഷ്യല്‍ ബ്രാഞ്ചിലെയും സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെയും എസ്.ഐ. മാരാണ് ക്ലിനിക്കിലെത്തിയത്. ഈസമയം ഒട്ടേറെ രോഗികള്‍ ഡോക്ടറെ കാണാന്‍ പുറത്തുനില്‍പ്പുണ്ടായിരുന്നു. പോലീസെത്തിയ കാര്യം തല്‍ക്ഷണം മനസ്സിലാക്കിയ ഡോക്ടര്‍ ക്ലിനിക്കിനകത്തുണ്ടായിരുന്ന രോഗികളെയെല്ലാം പുറത്താക്കി വാതില്‍ പൂട്ടി കാറില്‍ രക്ഷപ്പെടുകയായിരുന്നു.

മഞ്ചേശ്വരത്തെ സി.പി.എം. പ്രാദേശിക നേതാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ടയാളായിരുന്നു ഈ ഡോക്ടര്‍. ഈ മാസം ഏഴിനാണ് നേതാവ് ശബ്ദക്കുറവുണ്ടെന്ന് പറഞ്ഞ് ഡോക്ടറെ സമീപിച്ചത്. 14ന് നേതാവിന് രോഗം സ്ഥിരീകരിച്ചു. അപ്പോള്‍ത്തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഈ ഡോക്ടറോട് ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെട്ടു. കണക്കുപ്രകാരം ഈ മാസം 21വരെ ഡോക്ടര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. അതിനിടെ ഡോക്ടറുടെ സാമ്പിള്‍ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു. ഫലം നെഗറ്റീവാണെങ്കിലും 14 ദിവസത്തെ ക്വാറന്റീന്‍ കാലയളവ് ഇല്ലാതാകുന്നില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

ക്വാറന്റീന്‍ ലംഘിച്ച ഡോക്ടറെ സര്‍ക്കാര്‍ ക്വാറന്റീനിലേക്ക് മാറ്റുമെന്ന് കളക്ടര്‍ ഡോ. ഡി.സജിത്ബാബു പറഞ്ഞു. സര്‍ക്കാര്‍ ഡോക്ടര്‍ സ്വകാര്യ ക്ലിനിക്ക് നടത്തിയെന്ന വിഷയം കൂടി ഇതിലുണ്ടെന്നും അതു സംബന്ധിച്ച നടപടിയും സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

SHARE