കൊല്ലം: സംസ്ഥാനത്ത് ക്വാറന്റീനില്‍ കഴിയുന്ന വ്യക്തികളുടെ ആത്മഹത്യകള്‍ വര്‍ധിക്കുന്നു. കൊല്ലത്ത് ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആയൂര്‍ ഇളമാട് അമ്പലമുക്ക് സുനില്‍ ഭവനില്‍ ഗ്രേസി (62) ആണ് മരിച്ചത്.
ആയൂരില്‍ നേരത്തെ കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ നടത്തുന്ന ക്ലിനിക്കില്‍ ഗ്രേസി ചികിത്സയ്‌ക്കെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ ഹോം ക്വാറന്റീനിലാക്കിയത്. ഇരുനില വീടിന്റെ മുകള്‍ നിലയില്‍ മറ്റു ബന്ധുക്കളും താഴത്തെ നിലയില്‍ ഗ്രേസിയുമാണ് താമസിച്ചിരുന്നത്. ഇവരെ രാവിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു.
കോവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചവര്‍ക്ക് പുറമെ ദുരൂഹമായ മരണങ്ങളും ഇതിലുള്‍പ്പെടുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം മൂന്ന് പേരാണ് ആത്മഹത്യ ചെയ്തത്.