ദോഹ: ഖത്തറിനെ അപമാനിക്കാനും പേരുദോഷം വരുത്താനും സോഷ്യല്‍ മീഡിയ ഉപോയഗിച്ച് നടത്തിയ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചു. ഖത്തര്‍ സര്‍ക്കാരിന്റെ വാര്‍ത്താവിനിമയ കാര്യാലയമാണ് അമേരിക്കയില്‍ കേസ് ഫയല്‍ ചെയ്തത്. തെറ്റായതും കളവുമായ വാദങ്ങള്‍ നിരത്തി സോഷ്യമീഡിയ ക്യാമ്പയിന് നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഖത്തര്‍ ഭീകരവാദത്തിന് അഭയം നല്‍കുന്നവെന്ന തെറ്റായ വിവരം പ്രചരിപ്പിക്കാന്‍ 2017 ഒക്ടോബര്‍ മുതല്‍ ശ്രമം ആരംഭിച്ച സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്ക്കെതിരെയാണ് ന്യൂയോര്‍ക്ക് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. പല അപര നാമങ്ങളിലുമുള്ള എക്കൗണ്ട് വഴി ഖത്തറിനെതിരെ പോസ്റ്റ് ചെയ്ത നെഗറ്റീവ് വാര്‍ത്തകളും ഇത് വന്‍ തോതില്‍ പ്രചരിച്ചതും രാജ്യത്തിന് വീണ്ടെടുക്കാന്‍ കഴിയാത്ത കോട്ടമാണ് ഉണ്ടാക്കിയതെന്ന് പരാതിയില്‍ വ്യക്തമാക്കിയതായി ഖത്തര്‍ വാര്‍ത്താവിനിമയ കാര്യാലയം അറിയിച്ചു.
ഖത്തറിനെ ആക്ഷേപിക്കുന്ന പരസ്യങ്ങള്‍ ബ്രട്ടനിലെ സോഷ്യല്‍ മീഡിയകളില്‍ വന്‍തോതില്‍ പ്രചരിക്കുന്നതായി ഒക്ടോബറില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈംസ് ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖത്തര്‍ ഭീകരവാദത്തെ സഹായിക്കുന്നു, വിദേശ തൊഴിലാളികളോട് മോശമായി പെരുമാറുന്നു തുടങ്ങിയ പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയില്‍ വ്യാപകമായി നടന്നത്. ഖത്തര്‍ എക്സ്പോസ്ഡ്, കിക്ക് ഖത്തര്‍ ഔട്ട് തുടങ്ങിയ സൈറ്റുകള്‍ വഴിയാണ് രഹസ്യ ഗ്രൂപ്പുകളിലൂടെ പണം വാങ്ങി ഇത്തരം പ്രവര്‍ത്തികള്‍ നടത്തിയതെന്നും ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ രണ്ട് ട്വിറ്റര്‍ എക്കൗണ്ടും കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ മിനുട്ടുകളുടെ വ്യാത്യാസത്തിലാണ് ആരംഭിച്ചത്. രണ്ടു ഗ്രൂപ്പുകളുടെയും പേരില്‍ ഇന്റര്‍ നെറ്റില്‍ വെബ്സൈറ്റുകളള് ഉണ്ടായിരുന്നില്ല.
സഊദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കിയതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ച് മുതലാണ് സഊദി, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തിറിനെതിരെ ഉപരോധം ആരംഭിച്ചത്. ഖത്തര്‍ ഭീകരവാദത്തിന് സഹായം നല്‍കുന്നുവെന്നാരോപിച്ചായിരുന്നു നടപടി. എന്നാല്‍ ഖത്തര്‍ ഇത് ശക്തമായി നിഷേധിച്ചിരുന്നു.