കുവൈത്ത്, ഒമാന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഖത്തരികളുടെ എണ്ണം വര്‍ധിച്ചു

ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തെത്തുടര്‍ന്ന് കുവൈത്ത്, ഒമാന്‍ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തി ഖത്തരികള്‍. രാജ്യത്തെ സ്വദേശികള്‍ ഉള്‍പ്പടെയുള്ള ജനത ഈ രണ്ടു രാജ്യങ്ങളിലേക്കും സൗഹൃദ സന്ദര്‍ശനങ്ങളും വിനോദയാത്രകളും നടത്തുന്നുണ്ട്. ഒഴിവുസമയങ്ങള്‍ ചെലവഴിക്കാന്‍ നിരവധി ഖത്തരികളാണ് കുവൈത്തിലേക്കും ഒമാനിലേക്കും പോകുന്നത്. ഉപരോധം തുടരവെ ഖത്തറില്‍ നിന്നും കുൈത്തിലേക്കും ഒമാനിലേക്കും പോകുന്നവര്‍ വര്‍ധിച്ചതായി ട്രാവല്‍ ഏജന്‍സികളെ ഉദ്ധരിച്ച് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു രാജ്യത്തെയും ഭരണാധികാരികളോടും ജനങ്ങളോടുമുള്ള ഐക്യവും സ്‌നേഹവും പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയും ഖത്തരികള്‍ ഉള്‍പ്പടെയുള്ളവര്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഈ ശൈത്യ സീസണില്‍ ഇരു രാജ്യങ്ങളിലേക്കുമുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചു. ഖത്തരി കുടുംബങ്ങള്‍ ഒമാനിലേക്കും കുവൈത്തിലേക്കും കൂടുതല്‍ യാത്ര ബുക്ക് ചെയ്യുന്നുണ്ടെന്ന് പ്രമുഖ ട്രാവല്‍ ഏജന്‍സിയുടെ പ്രതിനിധി പറഞ്ഞു. രണ്ടു രാജ്യങ്ങളിലേക്കും സന്ദര്‍ശകര്‍ വര്‍ധിച്ചിട്ടുണ്ടെന്ന് മറ്റു ട്രാവല്‍ ഏജന്‍സികളും പറയുന്നു.
കഴിഞ്ഞ ഈദാഘോഷ വേളകളില്‍ നിരവധി പേര്‍ കുവൈത്തിലേക്കും ഒമാനിലേക്കും യാത്ര ചെയ്തു. രണ്ടു രാജ്യങ്ങളിലും ലഭിച്ച സ്വീകരണവും സൗകര്യവും മികച്ച പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. സന്ദര്‍ശകര്‍ക്ക് സൗജന്യ ട്രാന്‍സ്‌പോര്‍ട്ട് സൗകര്യമുള്‍പ്പെടെയുള്ള സേവനങ്ങളും ട്രാവല്‍ ഏജന്റുമാര്‍ നല്‍കുന്നുണ്ട്. കുവൈത്തിനെയും ഒമാനെയും പിന്തുണച്ചുകൊണ്ടുള്ള ക്യാമ്പയിനും സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. കുവൈത്തിലെയും ഒമാനിലെയും ടൂറിസം കേന്ദ്രങ്ങളും ഹോട്ടലുകളുള്‍പ്പെടെയുള്ള സൗകര്യങ്ങളും ചിത്രങ്ങള്‍ സഹിതം ഫേസ് ബുക്ക് പേജിലും ട്വിറ്ററിലും പ്രചരിക്കുന്നുണ്ട്.
ഖത്തരി പൗരന്‍മാര്‍ക്ക് ഊഷ്മളമായ സ്വീകരണവും ഹൃദ്യമായ വരവേല്‍പ്പുമാണ് കുവൈത്ത്, ഒമാന്‍ പൗരന്‍മാര്‍ നല്‍കുന്നത്. ഒമാന്‍, കുവൈത്ത് വിമാന കമ്പനികളും കൂടുതല്‍ സര്‍വീസുകളും പാക്കേജുകളും അവതരിപ്പിക്കുന്നുണ്ട്. കുവൈത്ത് എയര്‍പോര്‍ട്ടില്‍ ഇപ്പോള്‍ ഖത്തരികളുടെ തിരക്കാണെന്ന് ഒരു കുവൈത്തി പൗരന്‍ ട്വീറ്റ് ചെയ്തു.

SHARE