അശ്റഫ് തൂണേരി
ദോഹ: അറബ് പൈതൃകവും കായികാവേശവും സമ്മേളിക്കുന്നതായിരിക്കും ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന മത്സരമെന്ന് ഖത്തര്‍ 2022 ലോകകപ്പ് സംഘാടക സമിതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നാസര്‍ അല്‍ഖാതിര്‍ പറഞ്ഞു. 2022 ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്‍ഖോറിലെ അല്‍ബയ്ത്ത് സ്റ്റേഡിയം അറുപതിനായിരം കാണികളെ ഉള്‍ക്കൊള്ളാനാവുന്ന തരത്തിലാണ് സജ്ജീകരിച്ചത്. അറബ് കൂടാരമായ ബയ്ത്ത് അല്ഷഹര് മാതൃകയിലാണ് മനോഹരമായ സ്റ്റേഡിയത്തിന്റെ നിര്‍മാണം.
ഖത്തറിലെ ലോകകപ്പ് മത്സരങ്ങള്‍ കാണികള്‍ക്ക് കൂടുതല്‍ മാച്ചുകള്‍ കാണാന്‍ അവസരമൊരുക്കും. ദിനേന നാല് കളികളാണ് ഉണ്ടാവുക. ഇങ്ങനെ സംഘടിപ്പിക്കുന്നത് ശ്രമകരവും വെല്ലുവിളി നിറഞ്ഞതുമാണെങ്കിലും മികച്ച രീതിയില്‍ അത് നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷ. സ്റ്റേഡിയങ്ങളുടെ സ്ഥാനങ്ങള്‍ കൂടി പരിഗണിച്ചാണ് കളികളുടെ ക്രമീകരണം. മേഖലയിലെയും ലോകരാജ്യങ്ങളിലെയും 350 കോടിയോളം ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് നേരിട്ടും അല്ലാതെയും കളി കാണാന്‍ കഴിയുന്ന രീതിയിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷമായി ഖത്തറിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വരികയാണ്. സ്റ്റേഡിയങ്ങളും പരിശീലന കേന്ദ്രങ്ങളും നിരത്തുകളും മറ്റു ഗതാഗത സംവിധാനങ്ങളും പുതുതായി നിര്‍മിച്ചു കഴിഞ്ഞു. അടുത്ത രണ്ടു വര്‍ഷങ്ങള്‍ ആകാംഷയോടെ ലോകകപ്പിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.