ഖത്തറില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഉടന്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ദോഹ: രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ തുടര്‍ച്ചയായി കുറയുകയും രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നതിന്റെയും സാഹചര്യത്തില്‍ സമീപഭാവിയില്‍തന്നെ കോവിഡ് ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
കര്‍ശന മെഡിക്കല്‍ മാര്‍ഗനിര്‍ദേശങ്ങളും പ്രോട്ടോക്കോളുകളും പിന്തുടര്‍ന്ന് സ്വയം ക്വാറന്റൈന്‍ നടപടികള്‍ സ്വീകരിക്കുന്നതും ഇഹ്തിറാസ് ആപ്പ് പ്രാബല്യത്തിലാക്കിയതും കാരണം ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കിയ പൊതുജനാരോഗ്യ നടപടികളെത്തുടര്‍ന്നാണ് കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം കുറയുന്നത്. ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും ഷെല്‍ട്ടറുകളിലേക്കും റിക്രൂട്ട് ചെയ്യപ്പെട്ട നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ക്യാമ്പുകള്‍ വിടുകയാണ്. കോവിഡ് സാഹചര്യങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കുന്നതില്‍ ഖത്തര്‍ സര്‍ക്കാരിന്റെ നടപടികളെ സന്നദ്ധപ്രവര്‍ത്തകര്‍ പ്രശംസിച്ചു.

അബുസംറക്കു സമീപത്തെ മുഖൈനിസ് കോവിഡ് കെയര്‍ ക്യാമ്പിലെ സന്നദ്ധപ്രവര്‍ത്തകനെന്ന നിലയിലെ തന്റെ അനുഭവം സന്തോഷകരമാണെന്നും സാഹചര്യം കൈകാര്യം ചെയ്യാന്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ സ്വീകരിച്ച ആസൂത്രിതവും ശാസ്ത്രീയവുമായ നടപടികള്‍ വളരെ ശ്രദ്ധേയമായിരുന്നുവെന്നും ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി റിക്രൂട്ട് ചെയ്ത സന്നദ്ധപ്രവര്‍ത്തകരിലൊരാളായ ഇന്ത്യന്‍ പ്രവാസി റാഷിദ് മുഹമ്മദ് പ്രതികരിച്ചു.

ഖത്തര്‍ ട്രിബ്യൂണിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖൈനിസ് കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളെ പരിചരിക്കുകയെന്നതായിരുന്നു റാഷിദ് ഉള്‍പ്പെടയുള്ള സന്നദ്ധപ്രവര്‍ത്തകരുടെ ഉത്തരവാദിത്വം. നിയമനത്തിനു മുന്‍പ് ക്യുആര്‍സിഎസ് പ്രൊഫഷണല്‍ തലത്തില്‍ പരിശീലനവും നല്‍കിയിരുന്നു.
ക്യാമ്പുകളില്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ക്യുആര്‍സിഎസിന്റെ പരിശീലനം വളരെ സഹായകരമായിരുന്നു. ലോകത്തെ നടുക്കിയ മഹാമാരിയെ ഭയന്ന് വിഷാദരോഗം നേരിടുന്ന വ്യക്തികളുമായി ഇടപഴകുന്നതിന് എല്ലാ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും (പിപിഇ) ശരിയായ നിര്‍ദ്ദേശങ്ങളും ലഭ്യമാക്കിയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ക്യുആര്‍സിഎസില്‍ നിന്നും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയോടെ രാവും പകലും പ്രവര്‍ത്തിച്ചു. പ്രാരംഭ ദിവസങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നുവെങ്കിലും ക്യുആര്‍സിഎസ് ടീമിലെ പങ്കിട്ട മനോഭാവത്തിന്റെയും സഹകരണത്തിന്റെയും ഫലമായി എല്ലാം നിയന്ത്രണത്തിലായി. സാധാരണ നിലയിലേക്കെത്തിക്കാനായി. കോവിഡിന്റെ തിരക്കേറിയ ദിവസങ്ങളില്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുവന്ന 15,000 പേരെ ഫലപ്രദമായി കൈകാര്യം ചെയ്യാനായതായും റാഷിദ് പറഞ്ഞു.
രോഗികള്‍ക്ക് രുചികരവും പോഷകസമൃദ്ധവുമായ ഭക്ഷണമാണ് ലഭ്യമാക്കിയത്. സൂപ്പ്, സലാഡുകള്‍, പ്രധാന കോഴ്സ് വിഭവങ്ങള്‍ എന്നിവ ദിവസവും അഞ്ച് തവണയാണ് നല്‍കിപോന്നിരുന്നത്. രോഗികള്‍ക്ക് വൃത്തിയുള്ളതും ശുചിത്വമുള്ളതുമായ ലിവിംഗ് റൂമുകള്‍, ശുചിത്വമുള്ള വാഷ്റൂമുകള്‍, എല്ലാ സൗകര്യങ്ങളുമുള്ള സാധാരണ ഡ്രോയിംഗ് റൂമുകള്‍ എന്നിവ ക്രമീകരിച്ചിരുന്നു. കോവിഡ്് പോസിറ്റീവ് കേസുകള്‍ വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതിനാല്‍, രാജ്യത്തുടനീളമുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഓരോന്നായി സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തുടങ്ങി. ജൂലൈ ആദ്യ വാരത്തോടെ റാഷിദും സ്വന്തം വീട്ടിലെത്തി.ഖത്തറിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ സേവനമനുഷ്ഠിച്ച എല്ലാ സന്നദ്ധ പ്രവര്‍ത്തകരെയും പിന്നീട് ദോഹയിലെ ഒരു ചടങ്ങില്‍ ആദരിക്കും.

SHARE