ഖത്തര്‍-അമേരിക്ക നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നു; സൈബര്‍ സുരക്ഷയില്‍ ധാരണാപത്രം ഒപ്പുവച്ചു

രാഷ്ട്രീയ പങ്കാളിത്തത്തിനും പൊതു നയ മുന്‍ഗണനകള്‍ സൃഷ്ടിക്കുന്നതിനുമായി വര്‍ക്കിങ് ഗ്രൂപ്പ് സ്ഥാപിക്കും

ദോഹയിലെ സീ പാലസില്‍ ഖത്തര്‍ അമീര്‍ താമിം ബിന്‍ ഹമദ് അല്‍ താനിയുമായി യു.എസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാട്ടിസ് കൂടിക്കാഴ്ച നടത്തുന്നു..

ദോഹ: പ്രതിരോധ, തീവ്രവാദവിരുദ്ധ പോരാട്ടം, വ്യാപാരം, നിക്ഷേപം, തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ പ്രഥമ ഖത്തര്‍- അമേരിക്ക നയതന്ത്രസംവാദത്തില്‍ ധാരണയായി. കഴിഞ്ഞ ദിവസം നടന്ന ആദ്യ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള മുന്‍ഗണന കണ്ടെത്തുന്നതിന് തീരുമാനമായിരുന്നു. രാഷ്ട്രീയ പങ്കാളിത്തത്തിനും പൊതു നയ മുന്‍ഗണനകള്‍ സൃഷ്ടിക്കുന്നതിനുമായി വര്‍ക്കിങ് ഗ്രൂപ്പ് സ്ഥാപിക്കും. സുരക്ഷ സഹകരണത്തില്‍ സംയുക്ത പ്രഖ്യാപനം നടത്താനും തീരുമാനമായി.

സൈബര്‍ സുരക്ഷ സഹകരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഖത്തറും അമേരിക്കയും രണ്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ സൈബര്‍ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഖാലിദ് അല്‍ ഹാഷ്മിയും യു.എസ് വാണിജ്യ അസി.സെക്രട്ടറി എറിന്‍ വാള്‍ഷ്, യു.എസ് സ്റ്റേറ്റ് അസി.സെക്രട്ടറി മനീഷ സിങ്ങുമാണ് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ പോരാട്ടം ശക്തമാക്കാനും സൈബര്‍ സുരക്ഷ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ധാരണാപത്രവും യു.എസ് സ്റ്റേറ്റ് വകുപ്പും ഖത്തരി ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും ഒപ്പുവെച്ചു.
ഖത്തരി ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും യു.എസ് വാണിജ്യ വകുപ്പും തമ്മില്‍ വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിനും ധാരണാപത്രം ഒപ്പുവെച്ചു. സ്മാര്‍ട് നഗരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, ലോജിസ്റ്റിക്, കായികം, ആരോഗ്യം, പരിസ്ഥിതി, ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഖത്തറിയു.എസ് കമ്പനികള്‍ക്കിടയില്‍ സഹകരണം ശക്തമാക്കും.

സമാധാനവും സ്ഥിരതയും പ്രചരിപ്പിക്കുന്നതിനും തീവ്രവാദത്തിന്റെ അപകടങ്ങള്‍ എതിര്‍ക്കാനുമുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധതയാണ് ഇക്കാര്യങ്ങളില്‍ പ്രതിഫലിക്കുന്നത്. സുരക്ഷാ സഹകരണവും ചര്‍ച്ചകളും ശക്തിപ്പെടുത്താനായി നിരവധി ധാരണാപത്രങ്ങളിലും കരാറുകളിലും രണ്ടു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്.

നിലവില്‍ പരിഗണനയിലുള്ള 24.7 ബില്യന്‍ ഡോളര്‍ വരുന്ന ഫോറിന്‍ മിലിട്ടറി സെയില്‍സ് (എഫ് എം എസ്) പദ്ധതിയും ചര്‍ച്ചയായി. 2014 മുതല്‍ ഖത്തര്‍ സര്‍ക്കാര്‍ അമേരിക്കന്‍ സൈനിക സംവിധാനങ്ങള്‍ വാങ്ങുന്നുണ്ട്. ഇതിലൂടെ 1.10 ലക്ഷം തൊഴിലുകളാണ് അമേരിക്കയില്‍ സൃഷ്ടിക്കപ്പെട്ടത്. യുഎസ് സൈനിക താവളത്തിലെ സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഖത്തറിന്റെ വാഗ്ദാനം അമേരിക്ക സ്വാഗതം ചെയ്തു. തീവ്രവാദവിരുദ്ധ പോരാട്ട സഹായ പരിശീലന പദ്ധതി ഉടന്‍ തന്നെ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. വ്യോമയാന സുരക്ഷ, തീവ്രവാദ അന്വേഷണങ്ങള്‍, വേഗത്തില്‍ ലക്ഷ്യം വയ്ക്കാന്‍ കഴിയുന്നവയുടെ സംരക്ഷണം തുടങ്ങിയ പ്രധാന മേഖലകളെ കേന്ദ്രീകരിക്കുന്നതായിരിക്കും ഈ പദ്ധതി.

ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ, ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍താനി, അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, പ്രതിരോധ സെക്രട്ടറി ജെയിംസ് മറ്റിസ് തുടങ്ങിയവര്‍ വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്തു. ഇതിന്റെ ഭാഗമായി നിരവധി ഉപ ചര്‍ച്ചകളും നടന്നു.

ഊര്‍ജ, വ്യവസായ മന്ത്രി മുഹമ്മദ് ബിന്‍ സാലേഹ് അല്‍സദ, സാമ്പത്തിക വാണിജ്യ മന്ത്രി അഹ്മദ് ബിന്‍ ജാസിം അല്‍താനി എന്നിവര്‍ യു എസ് ഊര്‍ജ സെക്രട്ടറി ജെയിംസ് പെര്‍റി, വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് ജൂനിയര്‍ എന്നിവരുമായും ധനമന്ത്രി അലി ശരീഫ് അല്‍ഇമാദി ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുഷിനുമായും ചര്‍ച്ച നടത്തി. വിവിധ ഖത്തര്‍ മന്ത്രാലയങ്ങളിലെ ഉന്നതതല പ്രതിനിധി സംഘം, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം, ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം, ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ഖത്തര്‍ എയര്‍വേയ്‌സ്, ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യൂക്കേഷന്‍, സയന്‍സ്, കമ്യൂണിറ്റി ഡവലപ്‌മെന്റ് എന്നിവിടങ്ങളിലെ പ്രതിനിധികളും വിവിധ ചര്‍ച്ചകളില്‍ പങ്കാളികളായി. യുഎസിന്റെ പ്രതിരോധ വകുപ്പ് ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന വകുപ്പുകളിലെയും ഉന്നത പ്രതിനിധികള്‍ യുഎസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. നിരവധി കരാറുകളും ധാരണാപത്രങ്ങളും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. തുറമുഖ മാനേജ്‌മെന്റ് കമ്പനികള്‍ക്കിടയില്‍ സഹകരണം, ഗതാഗത വാര്‍ത്താവിനിമയം, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളിലും രാഷ്ട്രീയം, സാമ്പത്തികം, സാംസ്‌കാരികം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ മേഖലകളിലും സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനമായി. നയതന്ത്ര ബന്ധത്തിന്റെ ശക്തിയും ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനപ്പെടാനുള്ള അവസരങ്ങളും സംവാദത്തില്‍ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തു.
ബന്ധങ്ങളുടെ ശക്തി ഇരുരാജ്യങ്ങളും വിലയിരുത്തിയെന്നും ഭാവിയിലെ ബന്ധത്തെ സംബന്ധിച്ച് സംയോജിത കാഴ്ചപ്പാട് സ്ഥാപിച്ചെന്നും ഖത്തര്‍- അമേരിക്ക സംയുക്ത പ്രസ്താവനയില്‍ പറയുന്നു. വാര്‍ഷിക തന്ത്രപ്രധാന ചര്‍ച്ച സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ച് നയതന്ത്രബന്ധം ഉയരങ്ങളിലെത്തിക്കാന്‍ പ്രധാന ചുവടുവെപ്പ് നടത്തുകയും ചെയ്തിട്ടുണ്ട്. നിലവിലെ ഗള്‍ഫ് പ്രതിസന്ധിയും സംവാദത്തില്‍ ചര്‍ച്ചയായി. ഖത്തറിന്റെ പരമാധികാരം മാനിക്കുന്ന തരത്തില്‍ അടിയന്തര പരിഹാരം ആവശ്യമാണെന്ന നിലപാടാണ് യോഗത്തില്‍ പൊതുവായി ഉയര്‍ന്നത്. പ്രതിസന്ധിയുടെ സുരക്ഷാ, സാമ്പത്തിക, മാനവിക പ്രത്യാഘാതങ്ങള്‍, ഗള്‍ഫിലെ സമാധാനം, സ്ഥിരത എന്നിവയിലും ഇരു കൂട്ടരും ആശങ്ക പ്രകടിപ്പിച്ചു. കുവൈത്ത് അമീറിന്റെ മധ്യസ്ഥതക്ക് പിന്തുണ നല്‍കി അമേരിക്ക നിര്‍വഹിച്ച പങ്കിനെ ഖത്തര്‍ പ്രാധാന്യത്തോടെ ചൂണ്ടിക്കാട്ടി. സുശക്തമായ ഗള്‍ഫ് സഹകരണ കൗണ്‍സിലിനെ പിന്തുണക്കുന്നതായി ഇരുരാജ്യങ്ങളും ആവര്‍ത്തിച്ചു പറഞ്ഞു.