കാല്‍ലക്ഷം യമനികളെ പുന:രധിവസിപ്പിക്കുമെന്ന് ഖത്തര്‍

ദോഹ: ആഭ്യന്തരസംഘര്‍ഷത്തില്‍ വാസസ്ഥലം നഷ്ടപ്പെട്ട കാല്‍ ലക്ഷം യമനികളെ പുന:രധിവസിപ്പിക്കുമെന്ന് ഖത്തര്‍ ഭരണകൂടം. ഇക്കാര്യത്തില്‍ ഖത്തറും യുഎന്നും ഉടമ്പടിയില്‍ ഒപ്പിട്ടു.
നാല് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ വീട് നഷ്ടപ്പെട്ട 26,000 പേര്‍ക്കാണ് വീട് നല്‍കുന്നത്. ദോഹയില്‍ നടന്ന ഉച്ചകോടിയില്‍ യമനിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഖത്തര്‍ ഡവലപ്പ്‌മെന്റ് ഫണ്ട്, ഖത്തര്‍ ചാരിറ്റി, യുഎന്‍ ഹൈകമ്മീഷണര്‍ ഫോര്‍ റഫ്യൂജീസ് (യുഎന്‍എച്ച്‌സിആര്‍) എന്നിവര്‍ വിവിധ ഉടമ്പടികളില്‍ ധാരണയായി. പുന:രധിവാസത്തിന്റെ ഭാഗമായി യമനില്‍ തന്നെയാണ് വീടുകള്‍ നിര്‍മിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎന്‍എച്ച്‌സിആര്‍ മേല്‍നോട്ടം വഹിക്കും.
യുദ്ധാനന്തരം ദാരിദ്രവും പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമായ യമനില്‍ സമാധാന ശ്രമങ്ങള്‍ക്കും പാലായനം ചെയ്ത കുടുംബങ്ങളെ പുന:രധിവസിപ്പിക്കാനും യുഎന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. നാലു വര്‍ഷം നീണ്ടു നിന്ന യുദ്ധത്തില്‍ 60,000 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. എട്ട് മില്യണ്‍ ജനങ്ങള്‍ സംഘര്‍ഷത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നു. പിന്നാലെ രാജ്യത്ത് ദാരിദ്രവും രോഗങ്ങളും പിടിമുറുക്കി. യുദ്ധത്തെ തുടര്‍ന്ന് രണ്ട് മില്യണ്‍ ജനങ്ങള്‍ അയല്‍രാജ്യങ്ങളിലേക്ക് പാലായനം ചെയ്തതായി യുഎന്‍എച്ച്‌സിആര്‍ വ്യക്തമാക്കി. അതിനിടെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. പ്രശ്‌ന പരിഹാരത്തിനുള്ള ആദ്യ പടിയായി എല്ലാ കക്ഷികളെയും ചേര്‍ത്തുള്ള താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ഹൂതികള്‍ ആവശ്യപ്പെട്ടു.
ഹുദൈദയെ സ്വതന്ത്ര മേഖലയായി നിലനിര്‍ത്തണമെന്നും ഹൂതികള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് യുഎന്‍ നടപടികളുമായി മുന്നോട്ടു പോകുന്നത്.

SHARE