ഖത്തറില്‍ വര്‍ധിച്ച താപനില; തീപിടുത്തമുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ദോഹ: രാജ്യത്ത്് താപനില വര്‍ധിച്ച സാഹചര്യത്തില്‍ തീപിടുത്തവും മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ചെറുതും വലുതുമായ തീപ്പിടുത്തങ്ങള്‍ ഒഴിവാക്കാനുള്ള ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും അശ്രദ്ധയുമാണ് വേനലില്‍ തീപിടുത്തങ്ങള്‍ കൂടുതലാകാന്‍ കാരണം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

തീപിടുത്തങ്ങള്‍ നേരിടുന്നതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ഡിഫന്‍സ് പൂര്‍ണസജ്ജമാണ്. തീപിടുത്തമുണ്ടായാല്‍ 999 എന്ന നമ്പരില്‍ ബന്ധപ്പെടണം. പൂര്‍ണമേല്‍വിലാസം നല്‍കിയാല്‍ വേഗത്തില്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനാകും. ഗുണനിലവാരം കുറഞ്ഞ ഇലക്ട്രിക്കല്‍ ഉപകരണങ്ങളും കണക്ടറുകളും ഉപയോഗിക്കുന്നതും ഇടവേളകളിലെ അറ്റകുറ്റപ്പണികളുടെ അഭാവവും അപകടങ്ങള്‍ക്കിടയാക്കും. പാചക വാതക സിലിന്‍ഡറുകളും മറ്റും ശരിയായ രീതിയില്‍ ഓഫ് ചെയ്യാതിരിക്കുക, സിഗരറ്റിലെ തീ കെടുത്താതെ വലിച്ചെറിയുക, വൈദ്യുതിയുടെ അമിതഭാരം തുടങ്ങിയവ വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന് മന്ത്രാലയം വ്യക്്തമാക്കി.

വീടുകളിലും ഓഫീസുകളിലും ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍, ബ്ലാങ്കറ്റ് തുടങ്ങി അവശ്യ മുന്‍കരുതല്‍ ഉപകരണങ്ങളുടെ ദൗര്‍ലഭ്യം അപകടത്തെ സങ്കീര്‍ണമാക്കും. അപകടത്തെയും നഷ്ടങ്ങളേയും പ്രതിരോധിക്കാന്‍ ഇവ യഥാസ്ഥലങ്ങളില്‍ സൂക്ഷിച്ചിരിക്കണം. ഇവയുടെ അഭാവം തീപ്പിടുത്തത്തെ യഥാസമയം നിയന്ത്രിക്കുന്നതില്‍ തടസ്സമുണ്ടാക്കും. വീടുകളിലും മറ്റും തീപിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സമ്പാദ്യം എല്ലാം ഒരു നിമിഷം കൊണ്ട് കത്തിച്ചാമ്പലാകുന്നത് തടയാന്‍ തീ പടരാനുള്ള സാധ്യത ഇല്ലാതാക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.പലപ്പോഴും വീടുകള്‍ക്കുള്ളില്‍ ഉണ്ടാകുന്ന ചെറിയ അശ്രദ്ധയില്‍ നിന്നാണ് തീ പടര്‍ന്നുപിടിക്കുന്നത്. അതിനാല്‍ പൊതുസ്വകാര്യ മുതലുകള്‍ സംരക്ഷിക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണം. റൂമിനു പുറത്തുപോകുമ്പോള്‍ ഉറപ്പായും എയര്‍കണ്ടീഷനുകള്‍ ഓഫ് ചെയ്തിരിക്കണം. കൂടുതല്‍ സമയം നിര്‍ത്താതെ പ്രവര്‍ത്തിക്കുന്നത് അത് ചൂടായി കത്താന്‍ ഇടയാക്കും. ഒരു സോക്കറ്റില്‍ നിന്ന് ഒന്നിലധികം കണക്ഷന്‍ എടുക്കുന്നത് അപകടങ്ങള്‍ക്കിടയാക്കും. സോക്കറ്റുകള്‍ ചൂടായി തീ പിടിക്കും. വീട്ടുപകരണങ്ങള്‍ കൃത്യമായ കാലാവധിക്ക് അറ്റകുറ്റപ്പണി നടത്തി തകരാറുകള്‍ പരിഹരിക്കണം. അടുക്കളയില്‍ ഉപയോഗിക്കുന്ന പാചക വാതക സ്റ്റൗവും വൈദ്യുതോപകരണങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. തീ പടരാന്‍ സാധ്യതയുള്ള ഒരു വസ്തുക്കളും അതിന് സമീപം സൂക്ഷിക്കരുത്.

പാചകം ചെയ്യുന്ന സ്ഥലത്ത് ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പാക്കണം. ഗ്യാസ് സിലിണ്ടര്‍ പ്രത്യേകം മൂടി വെക്കണം. തീ പിടിക്കാന്‍ സാധ്യതയുള്ള ഒരുസാധനവും കുട്ടികളുടെ കയ്യെത്തുന്ന സ്ഥലങ്ങളില്‍ വെക്കരുത്. വീടുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന അഗ്‌നിശമന ഉപകരണം നിര്‍ബന്ധമായും കരുതി വെക്കണം. അത് ഉപയോഗിക്കുന്ന രീതിയും ഓരോ അംഗവും അറിഞ്ഞിരിക്കണം. വൈദ്യുതി കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. ഇക്കാര്യത്തില്‍ മുന്‍കരുതലുകളെടുക്കണം. ഇളകിക്കിടക്കുന്ന വൈദ്യുതി വിതരണ സംവിധാനങ്ങള്‍ കൃത്യമായി മാറ്റി മികച്ചവ സ്ഥാപിക്കണം. കുറച്ച് പണം ലാഭിക്കാനായി ഗുണനിലവാരം ഇല്ലാത്തവ സ്ഥാപിക്കരുത്. വൈദ്യുതി വിതരണം ചെയ്യുന്ന കേബിളും പ്ലഗുകളും കുട്ടികളുടെ കയ്യെത്തുന്ന ഭാഗങ്ങളില്‍ ഇല്ലെന്ന് ഉറപ്പാക്കണം. എക്‌സോസ്റ്റ് ഫാന്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കരുത്.

അവ കൃത്യമായ ഇടവേളയില്‍ വൃത്തിയാക്കണം. ഒരു പ്ലഗില്‍ നിന്ന് ഒന്നിലധികം കണക്ഷന്‍ എടുക്കരുത്. അത് ഉപകരണങ്ങളും വയറും കത്താന്‍ ഇടയാക്കും. സ്വിച്ച് ചൂടാവുകയോ ഫ്യൂസ് ഇടയ്ക്കിടെ പോകുകയോ ചെയ്യുന്നുണ്ടെങ്കില്‍ മികച്ച ഇലക്ട്രീഷ്യന്റെ സഹായം തേടണം. വീട് അടച്ച് പുറത്തിറങ്ങുമ്പോഴും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും ഗ്യാസ് സിലിണ്ടര്‍ കൃത്യമായി ഓഫാക്കിയെന്ന് ഉറപ്പാക്കണം. സ്റ്റൗവില്‍ നിന്ന് ഗ്യാസ് പുറത്ത് വരുന്നുണ്ടെങ്കില്‍ അറ്റകുറ്റപ്പണി നടത്തണം. അന്തരീക്ഷത്തില്‍ ചൂട് ഉയരുമ്പോള്‍ വാഹനങ്ങള്‍ക്ക് തീ പടരാനുള്ള സാധ്യത ഇരട്ടിക്കും. കൃത്യമായ ഇടവേളകളില്‍ വാഹനങ്ങള്‍ സര്‍വിസ് നടത്തിയില്ലെങ്കിലും തീപിടിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യങ്ങളും ശ്രദ്ധിക്കണം. ഇന്ധന ടാങ്കും അതില്‍ നിന്ന് എന്‍ജിനിലേക്ക് ഇന്ധനം എത്തിക്കുന്ന കുഴലും കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം. അതില്‍ ചോര്‍ച്ച കണ്ടെത്തിയാല്‍ എത്രയും പെട്ടെന്ന് പരിഹരിക്കണം. വാഹനങ്ങളില്‍ വൈദ്യുതി സംവിധാനത്തിനായി സ്ഥാപിച്ച വയറുകള്‍ കൃത്യമായി പരിശോധിക്കണം. പഴക്കം ചെന്നവ മാറ്റണം. വാഹനങ്ങള്‍ ജനറേറ്ററുകള്‍ക്ക് സമീപവും കത്താന്‍ സാധ്യതയുള്ള വസ്തുക്കള്‍ക്ക് സമീപവും നിര്‍ത്തിയിടരുത്.

SHARE