ദോഹ: രാജ്യത്തെ തൊഴിലാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും നിര്‍ണായക ചുവടുവയ്പ്പുമായി ഖത്തര്‍. തൊഴിലാളികളുടെ സംരക്ഷണത്തിനായി അഭയ- മാനുഷിക ക്ഷേമ കേന്ദ്രം തുറക്കുന്നതിനൊപ്പം തൊഴിലാളികളെ സഹായിക്കുന്നതിനായി പ്രത്യേക ഫണ്ടും രൂപീകരിക്കുന്നു.
തൊഴില്‍ സാമൂഹിക കാര്യ ഭരണനിര്‍വഹണ മന്ത്രി ഡോ. ഇസ്സ ബിന്‍ സാദ് അല്‍ജഫാലി അല്‍നുഐമിയാണ് ഇക്കാര്യം അറിയിച്ചത്. 120-ാമത് ഫിലിപ്പൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഫിലിപ്പിനോ കമ്യൂണിറ്റി സംഘടിപ്പിച്ച ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യക്കടത്തിനിരകളാകുന്നവര്‍ക്ക് ആവശ്യമായ സഹായവും സംരക്ഷണവും നല്‍കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും സമൂഹമായി ഇടപെടല്‍ സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ കേന്ദ്രം. താല്‍ക്കാലിക തൊഴിലാളികള്‍ക്ക് രാജ്യത്തിനു പുറത്തേക്ക് പോകുന്നതുവരെ താമസിക്കുന്നതിനുള്ള സൗകര്യമെന്നനിലയില്‍ അഭയകേന്ദ്രവും വിഭാവനം ചെയ്യുന്നുന്നുണ്ട്.
വര്‍ക്കേഴ്സ് സപ്പോര്‍ട്ട് ഫണ്ട് രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയത്തില്‍ പുരോഗമിക്കുന്നു. തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട സാമ്പത്തിക കുടിശികകള്‍ കൈകാര്യം ചെയ്യുന്നതിനായാണ് ഫണ്ട് രൂപീകരിക്കുന്നത്.
തൊഴില്‍ദാതാക്കള്‍ പാപ്പരാകുന്ന സാഹചര്യത്തില്‍ തൊഴില്‍തര്‍ക്കപരിഹാര കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സാമ്പത്തിക കുടിശിക ഫണ്ടില്‍ നിന്നും ലഭ്യമാക്കുക.
തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി സര്‍ക്കാര്‍ വിവിധങ്ങളായ പദ്ധതികളും പരിപാടികളും നിയമനിര്‍മാണങ്ങളുമാണ് നടപ്പാക്കിവരുന്നത്.
തൊഴിലാളികള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. നിരവധി നയങ്ങളും നിയമനിര്‍മാണ ഭേദഗതികളും ഈ ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കിവരുന്നു.
തൊഴിലാളികള്‍ക്ക് വേതനം ബാങ്കുമുഖേന ലഭ്യമാക്കുന്ന വേതന സംരക്ഷണ സംവിധാനം നടപ്പാക്കിയത്, പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച നിയമഭേദഗതി, തൊഴില്‍തര്‍ക്ക പരിഹാര കമ്മിറ്റികളുടെ രൂപീകരണം സാധ്യമാക്കിയ തൊഴില്‍നിയമഭേദഗതി എന്നിവ പ്രത്യേകമായി മന്ത്രി പരാമര്‍ശിച്ചു.
ഏകദേശം രണ്ടരലക്ഷത്തോളം ഫിലിപ്പൈനികളാണ് രാജ്യത്തുള്ളത്. ഖത്തറിന്റെ പുരോഗതിയും രാജ്യത്തെ കെട്ടിപ്പെടുക്കുന്നതിലും അവരുടെ സംഭാവനകളെയും മന്ത്രി പ്രശംസിച്ചു.