ഉല്‍പന്നങ്ങള്‍ക്ക് ദൗര്‍ലഭ്യമില്ല; ധാരാളമായി വാങ്ങിവെക്കേണ്ടതില്ലെന്ന് ഖത്തര്‍

ദോഹ: കോവിഡ് 19 വൈറസ് വ്യാപിക്കുന്നുവെന്ന ഭീതിയില്‍ പരിഭ്രാന്തരായി ഷോപ്പുകളിലെത്തി ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃ കാര്യങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ശൈഖ് ജാസിം ബിന്‍ ജാബര്‍ അല്‍താനി പറയുന്നത് ശ്രദ്ധിക്കൂ….
1 വിവിധ കമ്പനികളുടെയും മന്ത്രാലയത്തിന്റെയും വെയര്‍ഹൗസുകളില്‍ അരി, പാചകയെണ്ണ ഉള്‍പ്പടെ ഭക്ഷ്യോത്പന്നങ്ങളുടെ വിപുല ശേഖരവും മറ്റു ഭക്ഷ്യ വസ്തുക്കളുടെ ദീര്‍ഘകാലത്തേക്കുള്ള കരുതല്‍ ശേഖരവുമുണ്ട്. (സൗകര്യങ്ങള്‍ വിശദീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ മുഹമ്മദ് സഈദ് പറയുന്ന കാര്യങ്ങളും സംഭരണ കേന്ദ്രങ്ങളും പ്രദര്‍ശിപ്പിച്ച് ഐ ലൗവ് ഖത്തര്‍ ടീം തയ്യാറാക്കിയ ഒപ്പമുള്ള വീഡിയോ കാണ്ടാലും…)
2 ചില്ലറ വില്‍പ്പനശാലകളില്‍ ദേശീയ ഉത്പന്നങ്ങളുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ധാരാളമായി ഉണ്ട്. യാതൊരു ദൗര്‍ലഭ്യവുമില്ല. ദിനേന ഫോളോഅപ്പ് നടത്തിവരുന്നു.
3 ഉത്പന്നങ്ങള്‍ ആവശ്യാനുസരണം വാങ്ങുക. പക്ഷെ പരിഭ്രാന്തി പടര്‍ത്തേണ്ടതില്ല. വിലനിയന്ത്രണം നിലവിലുണ്ട്. അത് ലംഘിക്കാനാകില്ല. ധാരാളമായി വാങ്ങി സംഭരിക്കേണ്ടതില്ല. അതിലൂടെ ആത്യന്തിക നഷ്ടം ഉപഭോക്താക്കള്‍ക്കായിരിക്കും.
4 വേണ്ടത്ര അളവിലും ന്യായമായ വിലയിലും ഉയര്‍ന്ന നിലവാരത്തിലും പ്രാദേശിക വിപണിയിലേക്ക് ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി സുഗമമായി നടക്കുന്നുണ്ട്.
5എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ വിവിധ രാജ്യങ്ങളുമായി ബദല്‍ സ്രോതസ്സുകള്‍ക്കായി കരാറുകള്‍ നിലവിലുണ്ട്.