അശ്‌റഫ് തൂണേരി
ദോഹ:ഭയം വേണ്ട ജാഗ്രത മാത്രം മതിയെന്ന കോറോണ കാലത്തെ സന്ദേശം ജീവിതം കൊണ്ട് വായിച്ചൊരാള്‍. ഖത്തറില്‍ കോവിഡ് മുക്തയായ ആദ്യമലയാളി വനിത കുറ്റിയാടി സ്വദേശിനി കെ സെഡ് സക്കീന. രോഗ ലക്ഷണങ്ങളോ ശാരീരിക ബുദ്ധിമുട്ടുകളോ ഒന്നുമില്ലാതെ സ്വയം സന്നദ്ധയായി ആശുപത്രിയിലേക്ക് പോയി കൊറോണ വൈറസ് ബാധ തിരിച്ചറിയുകയായിരുന്നു ഈ വീട്ടമ്മ. കോവിഡ് സംശയിച്ച നാള്‍ മുതല്‍ സൂക്ഷ്മത പാലിച്ചും മറ്റുള്ളവരുമായി അകലം പാലിച്ചും മുന്നോട്ടുപോയ ഇവരെ ദോഹയിലെ ഒരു സ്ഥാപനത്തിലെ രോഗ വ്യാപനമാണ് ജാഗ്രത പാലിക്കാന്‍ പ്രേരിപ്പിച്ചത്.
സല്‍വ റോഡിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന് കൊറോണയുണ്ടായ വാര്‍ത്ത പുറത്തുവന്നയുടന്‍ മാര്‍ച്ച് ആദ്യവാരം അവിടെ സന്ദര്‍ശിച്ചയാള്‍ എന്ന നിലയിലാണ് തന്റെയുള്ളിലൊരു കൊറോണ രോഗിയുണ്ടെന്ന തോന്നലുണ്ടായതെന്ന് സക്കീന പറയുന്നു.
”ഹൈപ്പര്‍മാര്‍ക്കറ്റുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ തന്നെ എനിക്കൊരു സംശയമുണ്ടായി. അതുകൊണ്ടു തന്നെ സൂക്ഷ്മത പാലിച്ചു. വീട്ടില്‍ ഞാന്‍ ഒറ്റക്കൊരു മുറിയിലേക്ക് മാറി. ഭക്ഷണം പങ്കുവെക്കാതിരുന്നു. മാസ്‌ക് മാത്രം ധരിച്ച് പുറത്തിറങ്ങി.” സ്വയം നിന്ത്രണം പാലിച്ചുതുടങ്ങിയതിനെക്കുറിച്ച് അവര്‍ വിശദീകരിച്ചു.
”സംശയം തീര്‍ക്കാനാണ് മാര്‍ച്ച് 11ന് ഹമദിന് കീഴിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്ററി(സി ഡി സി)ല്‍ ചെന്ന് പരിശോധിക്കണമെന്ന് അങ്ങോട്ടാവശ്യപ്പെട്ടത്. നിങ്ങള്‍ താഴെ നിലയില്‍ നിന്നല്ലേ സാധന സാമഗ്രികള്‍ വാങ്ങിയത്, അതുകൊണ്ടു വരാന്‍ സാധ്യതയില്ലെന്ന സംശയം ആശുപത്രിയിലുള്ളവര്‍ പങ്കുവെച്ചെങ്കിലും പരിശോധിച്ചേ മതിയാവൂ എന്ന വാശിയുണ്ടായിരുന്നു. ഞാന്‍ മാത്രമല്ല ഭര്‍ത്താവും രണ്ട് ആണ്‍മക്കളും മൂത്ത മകന്റെ ഭാര്യയും മകന്റെ ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞുമെല്ലാം പരിശോധനക്ക് വിധേയരായി. അന്ന് വീട്ടിലേക്ക് തിരിച്ചു പോയപ്പോഴും സാമൂഹിക അകലം പാലിക്കുന്നതിലും കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കാനും മറ്റും ശ്രദ്ധിച്ചു.
പന്ത്രണ്ടാം തീയ്യതി ചെറിയ പനി അനുഭവപ്പെട്ടിരുന്നു. അതു മാത്രമായിരുന്നു എടുത്തുപറയാവുന്ന ലക്ഷണം. മാര്‍ച്ച് 15ന് റിസല്‍ട്ട് വന്നപ്പോള്‍ ഞാന്‍ മാത്രം പോസിറ്റീവ്.” ഇത്രയും പറഞ്ഞ് സക്കീന ദൈവത്തെ സ്തുതിച്ചു. ”പടച്ചവന്‍ കാത്തു. കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കുമില്ല. അല്‍ഹംദുലില്ലാഹ്..” സി ഡി സിയില്‍ അഡ്മിറ്റായി. ഉടന്‍ ചികിത്സ തുടങ്ങി. മികച്ച സൗകര്യങ്ങള്‍. നല്ല ഭക്ഷണം. സ്‌നേഹപൂര്‍വ്വമുള്ള പരിചരണം. പിറ്റേ ദിവസം ചെക്ക് ചെയ്തപ്പോള്‍ പോസിറ്റീവ്. രോഗം കൊണ്ടുള്ള ശാരീരിക പ്രയാസങ്ങളോ മറ്റോ ഉണ്ടായിരുന്നില്ല. ഒരാഴ്ച പിന്നിട്ട് 23ന് പരിശോധിച്ചപ്പോഴും ഫലം പോസിറ്റീവ് തന്നെ. പിറ്റേ ദിനമായ മാര്‍ച്ച് 24നാണ് മിസഈദിലേ കൊറോണ ആശുപത്രിയിലേക്ക് മാറ്റുന്നത്. അവിടെ വിശാലമായ മുറിയില്‍ ഒറ്റക്ക്. എല്ലാ സൗകര്യങ്ങളും അവിടെയുമുണ്ട്.
എന്റെ കൂടെ 11 വനിതകളാണ് അന്ന് മിസഈദിലേക്ക് വന്നിരുന്നത്. അക്കൂട്ടത്തില്‍ ഇന്തോനേഷ്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യക്കാരായ 2 പേരുമുണ്ടായിരുന്നു. അവര്‍ പിന്നീട് ഫലം നെഗറ്റീവായി ഡിസ്ചാര്‍ജ്ജായി. എന്റെ പരിശോധനകള്‍ 25നും മാര്‍ച്ച് 31നും ആവര്‍ത്തിച്ചു. 31ന്റെ റിസല്‍ട്ട് പിറ്റേന്ന് തന്നെ വന്നെങ്കിലും 25ന്റെ പരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് വന്നത്. രണ്ടും നെഗറ്റീവായിരുന്നു. ഇതോടെ ഇന്നലെ ഞാനും ഡിസ്ചാര്‍ജ്ജായി.” നെഗറ്റീവായ കഥ പോസിറ്റീവ് എനര്‍ജ്ജിയോടെ പൊതുപ്രവര്‍ത്തക കൂടിയായ സക്കീന അബ്ദുല്ല വിശദീകരിച്ചു. ദല്‍ഹിയില്‍ നടന്ന സി എ എ വിരുദ്ധ പ്രക്ഷോഭത്തിലെ വിദ്യാര്‍ത്ഥി പ്രതീകമായി മാറിയ ജാമിഅ മില്ലിയയിലെ ജേണലിസം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി ഷഹീന്‍ അബ്ദുല്ലയുടെ മാതാവായ സക്കീന ഖത്തറിലെ വ്യാപാരി വില്യാപ്പള്ളി, വണ്ണാന്റവിട കുഞ്ഞബ്ദുല്ലയുടെ ഭാര്യയാണ്. ഫഹീം അബ്ദുല്ല, അഫ്ഷിന്‍ അബ്ദുല്ല എന്നിവരാണ് മറ്റുമക്കള്‍.