അറബ് രാഷ്ട്രത്തലവന്മാരുടെ മക്ക ഉച്ചകോടിയിലേക്ക് ഖത്തറിന് ക്ഷണമില്ല

ദോഹ: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്യാന്‍ സഊദി അറേബ്യ മക്കയില്‍ വിളിച്ചുചേര്‍ത്ത ഗള്‍ഫ്, അറബ് രാഷ്ട്രത്തലവന്മാരുടെ യോഗത്തിലേക്ക് ഖത്തറിന് ക്ഷണമില്ല. ഈ മാസം മുപ്പതിന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ഉച്ചകോടിയിലേക്ക് തങ്ങള്‍ക്ക് ക്ഷണം ലഭിട്ടിച്ചില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഡയറക്ടര്‍ അറിയിച്ചു. സഊദി അറേബ്യയുടെ രണ്ട് പെട്രോള്‍ പമ്പിന്‍ സ്‌റ്റേഷനുകള്‍ക്ക് നേരെയുണ്ടായ ഡ്രോണാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉച്ചകോടിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം യമനിലെ ഹൂഥി വിഘടനവാദികള്‍ ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2017 ജൂണ്‍ മുതല്‍ സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിട്ടുണ്ട്.

SHARE