ഖത്തറിനെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ തുറന്നുകാട്ടി മുന്‍ യു.എസ് അംബാസഡര്‍

ദോഹ: ഖത്തറിനെതിരെ ഉപരോധരാജ്യങ്ങളിലെ മാധ്യമങ്ങളും വ്യക്തികളും നടത്തുന്ന പ്രചാരണങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടി ഖത്തറിലെ മുന്‍ യുഎസ് അംബാസഡര്‍ ഡനാ ഷെല്‍സ്മിത്ത്. ഖത്തറില്‍ ഭരണനേതൃത്വത്തിനെതിരെ ജനങ്ങള്‍ തെരുവില്‍ പ്രകടനം നടത്തിയെന്നായിരുന്നു ചില ചിത്രങ്ങള്‍ സഹിതം ഉപരോധ രാജ്യങ്ങളിലെ ചില മാധ്യമങ്ങള്‍ ഉള്‍പ്പടെ പ്രചരിപ്പിച്ചത്. 2015ല്‍ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള വ്യാജപ്രചാരണമാണ് ഈ മാധ്യമങ്ങള്‍ നടത്തിയത്. ഇക്കാര്യം ഡന ഷെല്‍ സ്മിത്ത് ട്വിറ്ററില്‍ കുറിച്ചു.

താന്‍ കൂടി ഉള്‍പ്പെട്ട ചിത്രങ്ങള്‍ 2015 ല്‍ ഖത്തര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന റാലിക്കിടെ ദോഹയില്‍ വച്ച് പകര്‍ത്തിയതാണെന്നും ഖത്തര്‍ ഭരണനേതൃത്വത്തിനെതിരെയുള്ള റാലിയെന്നത് വ്യാജമാണെന്നും അവര്‍ കുറിച്ചു.
ദോഹയിലെ അമേരിക്കന്‍ എംബസിയില്‍ നിന്ന് വിരമിച്ച താന്‍ ഇപ്പോള്‍ ഒരു വര്‍ഷമായി അമേരിക്കയിലാണുള്ളതെന്നും ഡനാ ഷെല്‍ സ്മിത്ത് വ്യക്തമാക്കി.

ബഹ്‌റൈനിലെ അല്‍ അയ്യാം, യു എ ഇ യിലെ അല്‍ ഖലീജ് എന്നീ പത്രങ്ങളാണ് ഖത്തറില്‍ ഭരണാധികാരികള്‍ക്കെതിരെ പ്രതിഷേധവുമായി കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ജനങ്ങള്‍ തെരുവിലിറങ്ങിയെന്ന രീതിയില്‍ ചിത്രങ്ങളോട് കൂടിയ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാര്‍ത്തയില്‍ നല്‍കിയിട്ടുള്ള മുഴുവന്‍ ചിത്രങ്ങളും വ്യാജമാണെന്നും ഇവ ഖത്തറില്‍ നടന്ന വിവിധ റാലികളുടേതുമാണെന്നും പ്രാദേശിക അറബിപത്രം അല്‍ശര്‍ഖും റിപ്പോര്‍ട്ട് ചെയ്തു.

 

SHARE