ദോഹ: രാജ്യത്തെ നടുക്കിയ കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ഥാനിയും. പ്രസിഡണ്ട് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ക്കാണ് ഇരുവരും അനുശോച സന്ദേശങ്ങള്‍ അയച്ചത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അനുശോചനം അറിയിച്ച ഇരുവരും പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖപ്പെടട്ടെ എന്നും ആശംസിച്ചു. പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമാന സന്ദേശമയച്ചു.
18 പേര്‍ മരിച്ച വിമാനാപകടത്തില്‍ അനുശോചനം അറിയിക്കുന്ന രണ്ടാമത്തെ പ്രധാന ലോകനേതാവാണ് ഖത്തര്‍ അമീര്‍. നേരത്തെ, റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിനും അനുശോചനം അറിയിച്ചിരുന്നു.
‘കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ ദുരന്തത്തില്‍ ഞങ്ങളുടെ അനുശോചനം സ്വീകരിക്കുക. ഇരകളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പിന്തുണയും സഹാനുഭൂതിയും അറിയിക്കുന്നു. ദുരന്തത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖപ്പെടട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു’ – എന്നാണ് പുടിന്‍ പറഞ്ഞിരുന്നത്.
വെള്ളിയാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. കനത്ത മഴയില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ സിവില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.