ദോഹ വിമാനത്താവളത്തിന് മുമ്പില്‍ ആളില്ലാതെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ എടുത്തുമാറ്റും

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുമ്പില്‍ ആളില്ലാതെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കെട്ടിവലിച്ചു മാറ്റുമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്നാണ് ഇന്നലെ മുതല്‍ വിമാനത്താവളം അധികൃതര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.

മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തില്‍ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ടെര്‍മിനലുകള്‍ക്ക് മുമ്പില്‍ നിരവധി പേര്‍ തങ്ങളുടെ വാഹനം നിര്‍ത്തിയിട്ട് പോകുന്നത് പലപ്പോഴും പതിവാക്കിയിട്ടുണ്ട്. പത്ത് മിനുട്ടില്‍ കൂടുതല്‍ സമയം ഇത്തരത്തില്‍ നിര്‍ത്തിയിടാന്‍ പാടില്ലെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

വിമാനത്താവളത്തിന്റെ സുരക്ഷാകാര്യങ്ങള്‍ നിലനിര്‍ത്തേണ്ടതുള്ളതിനാല്‍ പത്ത് മിനുട്ടില്‍ കൂടുതല്‍ സമയം ആളില്ലാതെ വാഹനം നിര്‍ത്തിയിട്ട് പോകരുതെന്നും അത്തരത്തിലുണ്ടായാല്‍ ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് വാഹനം കെട്ടിവലിച്ച് മാറ്റുമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. വിമാനത്താവള ടെര്‍മിനിലിന് മുമ്പില്‍ നിര്‍ത്തിയിടുന്നതിന് പകരം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്തിയിടണമെന്നും യാത്രയയക്കാന്‍ വരുന്നവര്‍ക്കും യാത്രക്കാരെ കൂട്ടാനുള്ളവര്‍ക്കുമായാണ് വലിയ പാര്‍ക്കിംഗ് കേന്ദ്രം സൗകര്യപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

SHARE