ഖത്തര്‍ പ്രതിസന്ധി; ഒത്തുതീര്‍പ്പിന് ഖത്തറിന് നിര്‍ദ്ദേശങ്ങളുമായി കുവൈത്ത്

യു.എ.ഇ, സഊദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ അനുസരിക്കണമെന്ന ആവശ്യവുമായി പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യം കുവൈത്ത് രംഗത്ത്. പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തറിനോട് കുവൈത്ത് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. അല്‍ജസീറ ചാനല്‍ നിര്‍ത്തലാക്കണമെന്നാണ് കര്‍ശനമായ നിര്‍ദ്ദേശം.

അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണം. ഇറാനുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പെടുന്നു. കൂടാതെ തുര്‍ക്കിക്ക് സൈനിക താവളത്തിനുള്ള അനുമതി റദ്ദാക്കാന്‍ ഖത്തര്‍ തയ്യാറാവണമെന്നും പറയുന്നുണ്ട്. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ 10 ദിവസത്തെ സമയവും നല്‍കിയിട്ടുണ്ട്. ചാനല്‍പൂട്ടുന്നതിനടക്കമാണ് നല്‍കിയിരിക്കുന്ന സമയം.

ഈ മാസം ആദ്യമാണ് ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. ഖത്തര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുതെന്നായിരുന്നു ഖത്തര്‍നിലപാട്. അല്‍ജസീറയും വിദേശനയങ്ങളും തങ്ങളുടെ ആഭ്യന്തര കാര്യമാണെന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് ചാനല്‍ പൂട്ടുന്നതടക്കമുള്ള പരിഹാരനിര്‍ദ്ദേശങ്ങളുമായി കുവൈത്ത് രംഗത്തെത്തിയിരിക്കുന്നത്.