ദോഹ : കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നിരിക്കെ കേരളത്തിലെ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളുടെ ലിസ്റ്റ് ഖത്തര്‍ എയര്‍വേയ്‌സ് പുറത്തുവിട്ടു. ഈ കേന്ദ്രങ്ങളില്‍ നിന്നും മൂന്ന് ദിവസത്തിനകം എടുത്തതായിരിക്കണം സര്‍ട്ടിഫിക്കറ്റെന്നും നിബന്ധനയുണ്ട്. എന്നാല്‍ ഇന്ത്യയിലേക്കും തിരിച്ചും ഖത്തര്‍ എയര്‍വേയ്‌സിന്റെ സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഖത്തര്‍ എയര്‍വേയ്‌സ് വഴി വിമാനം വഴി മടങ്ങിവരുന്നവര്‍ക്കായാണ് ഖത്തര്‍ എയര്‍വേയ്‌സ് കേരളത്തിലെ അംഗീകൃത കോവിഡ് പരിശോധനാകേന്ദ്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയത്.
ലിസ്റ്റ് പ്രകാരം തിരുവനന്തപുരം കൊച്ചി കോഴിക്കോട് ജില്ലകളിലാണ് ഖത്തര്‍ എയര്‍വേയ്‌സ് അംഗീകാരമുള്ള പരിശോധനാകേന്ദ്രങ്ങളുള്ളത്. കോഴിക്കോട്ട് അസ ഡയഗ്‌നോസ്റ്റിക് സെന്റര്‍, പുതിയറ. കൊച്ചിയില്‍ മെഡിവിഷന്‍ സ്‌കാന്‍ ആന്റ് ഡയഗ്‌നോസ്റ്റിക് റിസര്‍ച്ച് സെന്റര്‍, ശ്രീകണ്ടത്ത് റോഡ് രവിപുരം. തിരുവനന്തപുരത്ത് ഡി.ഡി.ആര്‍.സിയുടെ പൂജപ്പുര കേസരി നഗറിലും ഉള്ളൂരിലും പ്രവര്‍ത്തിക്കുന്ന ലബോറട്ടറികള്‍ക്കാണ് ഖത്തര്‍ എയര്‍വേയ്‌സ് അംഗീകാരമുള്ളത്. ഈ കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ യാത്ര സാധ്യമാകൂ.
ഓഗസ്റ്റ് 13 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പ്. യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള മൂന്ന് ദിവസത്തിനുള്ളിലായിരിക്കണം പരിശോധനയെന്നും നിബന്ധനയുണ്ട്. എന്നാല്‍ നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സിന് ഇന്ത്യയിലേക്കും തിരിച്ചും സര്‍വീസിന് അനുമതിയില്ല. സര്‍വീസ് പുനരാരംഭിക്കുന്ന പക്ഷം ഇതായിരിക്കും പ്രോട്ടോകോള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണെന്നും കമ്പനി അറിയിച്ചു.