അമേരിക്കന്‍ വ്യോമതാവളം വികസിപ്പിക്കാനൊരുങ്ങി ഖത്തര്‍

വാഷിംഗ്ടണ്‍: ഖത്തറിലുള്ള അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമതാവളം കൂടുതല്‍ വിപൂലീകരിക്കാന്‍ ഖത്തറിന്റെ തീരുമാനം. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ പ്രതിരോധമന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് യുഎസ് ഗവേഷണ സ്ഥാപനമായ ഹെറിറ്റേജ് ഫൗണ്ടേഷന്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. നിലവില്‍ 10,000ത്തിലേറെ യു.എസ് സൈനികര്‍ ഖത്തര്‍ എയര്‍ ബേസിലുണ്ട്. ഇവരുടെ സുഖകരമായ താമസിനായി 200 വീടുകള്‍ കൂടി നിര്‍മിച്ചുനല്‍കുമെന്ന് മന്ത്രി അറിയിച്ചു. ഖത്തറിലെ അമേരിക്കന്‍ സുഹൃത്തുക്കള്‍ക്ക് അവിടെ കുടുംബസമേതം സുഖപ്രദമായ താമസമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഓഫീസര്‍മാര്‍ക്ക് കുടുംബസമേതം ഖത്തറില്‍ താമസമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യ വ്യക്തമാക്കി.

ദോഹക്കടുത്തുള്ള അല്‍ ഉദൈദ് താവളമാണ് അമേരിക്കയുടെ വ്യോമതാവളം. അമേരിക്കന്‍ സൈനികര്‍ക്ക് പുറമെ ബ്രിട്ടീഷ് സൈനികര്‍ക്കും അല്‍ ഉദൈദ് കേന്ദ്രത്തില്‍ താവളമൊരുക്കിയിട്ടുണ്ട്. അഫ്ഗാന്‍, ഇറാഖ്, സിറിയ തുടങ്ങി പ്രശ്‌നബാധിത പ്രദേശങ്ങളിലേക്കെല്ലാമുള്ള യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നത് അല്‍ ഉദൈദ് താവളത്തില്‍ നിന്നാണ്. അമേരിക്കന്‍ വ്യോമ താവളം ഖത്തര്‍ സൈന്യത്തിന് ഏറെ പ്രയോജനകരമാണെന്നും അല്‍ അത്തിയ്യ കൂട്ടിച്ചേര്‍ത്തു.

SHARE