ഖത്തര്‍ ഉപരോധം: ട്രംപ് ഇടപെട്ടിട്ടും പ്രശ്‌നപരിഹാരത്തിന് തയ്യാറാകാതെ ഉപരോധരാജ്യങ്ങള്‍

ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സജീവ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഉപരോധ രാജ്യങ്ങള്‍ സഹകരിച്ചില്ലെന്ന് അമേരിക്കന്‍ ഭരണകൂടത്തിലെ ഉന്നത വക്താവിനെ ഉദ്ദരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പരിഹാരം കാണാന്‍ വേണ്ടി നടത്തിയ ശ്രമങ്ങള്‍ വിജയിക്കാതെ നീണ്ടു പോയതിന് ഉത്തരവാദി ഇവരാണെന്ന് ട്രംപ് കരുതുന്നതായും അമേരിക്കന്‍ വക്താവ് പറഞ്ഞു.

ഗള്‍ഫ് അമേരിക്കന്‍ ഉച്ചകോടിയിലൂടെ പ്രശ്‌നം പരിഹരിക്കപ്പെട്ടേക്കും എന്ന് യു. എ. ഇ യും സഊദിയും കരുതുന്നുവെന്നും അതുകൊണ്ട് ഈ മാസം ഉച്ചകോടി ചേരാന്‍ ഇരു രാഷ്ട്രങ്ങളും വിസമ്മതിക്കുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപരോധ വിഷയത്തില്‍ ഖത്തര്‍ നിലപാട് ലോകത്തിനു മുന്നില്‍ വിജയകരമായി ബോധ്യപ്പെടുത്താന്‍ ഖത്തര്‍ നടത്തിയ തീവ്ര ശ്രമങ്ങളുടെ അന്തിമവിജയമാണ് കഴിഞ്ഞ ദിവസം നടന്ന അമീര്‍ ട്രംപ് കൂടിക്കാഴ്ച എന്നും റിപ്പോര്‍ട്ട് പറയുന്നു. ഖത്തര്‍ അമീറും ഡൊണാള്‍ഡ് ട്രപും നടത്തിയ കൂടിക്കാഴ്ചയില്‍ ഗള്‍ഫ് പ്രതിസന്ധിയും ഖത്തര്‍-അമേരിക്ക സഹകരണവും സിറിയ അടക്കം മേഖലയിലെ മറ്റു വിഷയങ്ങളും ചര്‍ച്ചയായിയിരുന്നു.