സാമ്പത്തിക ആക്രമണങ്ങള്‍; യു.എ.ഇക്കെതിരെ അമേരിക്കക്ക് ഖത്തറിന്റെ പരാതി

ദോഹ: യു.എ.ഇയുടെ നേതൃത്വത്തില്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന സാമ്പത്തിക ആക്രമണങ്ങളില്‍ അമേരിക്കയോട് അന്വേഷണം ആവശ്യപ്പെട്ട് ഖത്തര്‍. ഖത്തറിലെ കേന്ദ്രബാങ്കാണ് അമേരിക്കന്‍ ട്രഷറി വകുപ്പിനോട് യു.എ.ഇ ബാങ്കുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്.

നാഷ്ണല്‍ ബാങ്ക് ഓഫ് അബുദാബി ഖത്തറിന്റെ കറന്‍സിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തതയില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് ഖത്തറിന്റെ ആരോപണം. വിദേശ നാണയവിനിമയത്തില്‍ ഖത്തര്‍ റിയാലിനെ ദുര്‍ബലപ്പെടുത്തുകയാണെന്നും ഇത് സാമ്പത്തിക മേഖലയെ നശിപ്പിക്കുകയാണെന്നും ഖത്തര്‍ പറയുന്നു. നിലവില്‍ തങ്ങള്‍ക്കെതിരെ യു.എ.ഇ ബാങ്കുകള്‍ നടത്തുന്ന ആക്രമങ്ങള്‍ക്കെതിരെ അന്വേഷണം വേണമെന്ന് അമേരിക്കയോട് ഖത്തര്‍ ആവശ്യപ്പെട്ടു. ഖത്തറിലെ കേന്ദ്രബാങ്കാണ് അമേരിക്കയോട് യു.എ.ഇ ബാങ്കുകളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം, ഖത്തറിന്റെ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് യുഎസ് കമ്മോഡിറ്റി ഫൂച്ചര്‍ ട്രേഡിംഗ് കമ്മീഷന്‍(സി.എഫ്.ടി.സി) ആവശ്യപ്പെട്ടു. നാഷ്ണല്‍ ബാങ്ക് ഓഫ് അബുദാബി ഖത്തറിന്റെ കറന്‍സി ഉള്‍പ്പെടെയുള്ള സാമ്പത്തിക വിഷയങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈജിപ്ത്, ബഹ്‌റൈന്‍,സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കഴിഞ്ഞ ജൂണില്‍ ഖത്തറിനെതിരെ ഉപരോധവുമായി രംഗത്തെത്തിയിരുന്നു. ഖത്തര്‍ തീവ്രവാദത്തിനെ പിന്തുണക്കുന്നുവെന്നതാണ് ഇവര്‍ ഉയര്‍ത്തുന്ന ആരോപണം. ഇതിന്റെ പിന്തുടര്‍ച്ചയെന്നോണമാണ് ഖത്തറിനെതിരെയുള്ള സാമ്പത്തിക ആക്രമണവും ഉണ്ടായിരിക്കുന്നത്.

SHARE