ലോകത്തെ ഒരു മില്യണ്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഖത്തര്‍ സഹായം പ്രഖ്യാപിച്ചു

ദോഹ: 2021-നകം ലോകത്തെ ഒരു മില്യണ്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സഹായം നല്‍കുമെന്ന് ഖത്തര്‍. ആഭ്യന്തര സംഘര്‍ഷങ്ങളാലും സാമ്പത്തിക വിഷയങ്ങളാലും പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ സഹായമെത്തിക്കുക. ഐക്യരാഷ്ട്രസഭയുടെ എഴുപത്തിമൂന്നാമത് വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന നേതാക്കളുടെ സമ്മേളനത്തിലാണ് ഖത്തര്‍ അമീര്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

വികസ്വര രാജ്യങ്ങളിലെ സ്ത്രീ വിദ്യാഭ്യാസം എന്ന വിഷയത്തില്‍ നടന്ന വട്ടമേശ ചര്‍ച്ചയിലായിരുന്നു അമീറിന്റെ പ്രഖ്യാപനം. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പ്രത്യേകിച്ചും സ്ത്രീ വിദ്യാഭ്യാസത്തെ ഖത്തര്‍ എന്നും ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ആഭ്യന്തര സംഘര്‍ഷങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ക്കിരയായ പ്രദേശങ്ങളിലും ലക്ഷക്കണക്കിന് കുട്ടികളാണ് വിദ്യാഭ്യാസം ലഭിക്കാതെ കഷ്ടതയനുഭവിക്കുന്നത്. ഇക്കാര്യത്തില്‍ ഖത്തര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെ അമീര്‍ അഭിമാനപൂര്‍വം സ്മരിച്ചു.

അമ്പത് രാജ്യങ്ങളിലായി 1.8 കോടി കുട്ടികള്‍ക്ക് വിവിധ ഏജന്‍സികളുമായി സഹകരിച്ച് ഖത്തര്‍ വിദ്യാഭ്യാസ സഹായം നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. 2021 ആകുമ്പോഴേക്കും ഒരു മില്യണ്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ തന്റെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അമീര്‍ പറഞ്ഞു.

SHARE