അല്‍വഖ്‌റ സ്‌റ്റേഡിയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍

ദോഹ: 2022-ലെ ഫിഫ ലോകകപ്പിനായി സജ്ജമാകുന്ന അല്‍വഖ്‌റ സ്റ്റേഡിയത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. നിശ്ചയിച്ച തീയതിക്കു മുന്‍പുതന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ പ്രതീക്ഷ. ഈ വര്‍ഷാവസാനത്തിനുള്ളില്‍ സ്‌റ്റേഡിയം പൂര്‍ണമായും സജ്ജമാകും.

40,000 ആണ് സീറ്റിങ് ശേഷി. ലോകകപ്പിനു ശേഷം സീറ്റുകളുടെ എണ്ണം 20,000 ആക്കി കുറയ്ക്കും. ഇവ വികസ്വര രാജ്യങ്ങളിലെ കായിക വികസനത്തിനായി കൈമാറും. വിഖ്യാത ഇറാഖി- ബ്രിട്ടീഷ് വാസ്തുശില്‍പിയായ സഹാ ഹാദിദാണു സ്റ്റേഡിയം ഡിസൈന്‍ ചെയ്തത്. ഖത്തറിന്റെ സമുദ്രപാരമ്പര്യവും മുത്തുവാരലും സൂചിപ്പിക്കുന്ന ദൗവിന്റെ മാതൃകയാണു സ്റ്റേഡിയം രൂപകല്‍പനയ്ക്കായി സഹ സ്വീകരിച്ചത്. 575 മില്യണ്‍ യുഎസ് ഡോളറാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നതെന്ന് എഎഫ്പി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വഖ്‌റ സ്റ്റേഡിയത്തിന്റെ നിര്‍മാണം വര്‍ഷാവസാനത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകുമെന്നും ഉപയോഗത്തിനായി സജ്ജമാകുമെന്നാണ് പ്രതീക്ഷയെന്നും അല്‍വഖ്‌റ പ്രൊജക്റ്റ് മാനേജര്‍ താനി അല്‍സഹ്‌റയും പ്രതികരിച്ചിരുന്നു. സ്റ്റേഡിയത്തിന്റെ പ്രത്യേകമായ ഉള്ളിലേക്കു മടക്കിവയ്ക്കാവുന്ന രീതിയിലുള്ളതാണ് മേല്‍ക്കൂര ഘടന. പരമ്പരാഗത പായ്ക്കപ്പലിനെ അനുസ്മരിപ്പിക്കുന്നതാണ് റൂഫ്. സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയായി സജ്ജമാകുന്നതോടെ പരീക്ഷണ മത്സരങ്ങള്‍ക്കായി ഉപയോഗിക്കും. രാജ്യാന്തര സൗഹൃദമത്സരങ്ങളും ഇവിടെ സംഘടിപ്പിക്കുമെന്നും താനി അല്‍സാറ പറഞ്ഞു. വഖ്‌റ സ്‌പോര്‍ട്‌സ് കഌബിന്റെ ഹോം ഗ്രൗണ്ടായി ലോകകപ്പിനു ശേഷം സ്റ്റേഡിയം ഉപയോഗിക്കും. പൊതു വിനോദ സ്ഥലമായി ഉപയോഗിക്കാവുന്ന രീതിയിലാണു സ്റ്റേഡിയം ഒരുക്കുന്നത്.

വഖ്‌റ സ്‌പോര്‍ട്‌സ് കഌബ് ഓഫിസ്, സ്‌പോര്‍ട്‌സ് സെന്റര്‍, കമ്യൂണിറ്റി സെന്റര്‍, പാര്‍ക്, മസ്ജിദ്, സ്‌കൂള്‍, ഹോട്ടല്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍ എന്നിവയും 60 ഹെക്ടറില്‍ ഒരുങ്ങുന്ന സ്റ്റേഡിയത്തിനോട് അനുബന്ധിച്ചുണ്ടാകും. ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ഫൈനല്‍ വരെയുള്ള മത്സരങ്ങളായിരിക്കും വഖ്‌റ സ്റ്റേഡിയത്തില്‍ നടക്കുക.

SHARE