പൈലറ്റിന് ദേഹാസ്വാസ്ഥ്യം; കേരളത്തില്‍ നിന്നും പുറപ്പെട്ട ഖത്തര്‍ എയര്‍വേസ് വിമാനം വഴിമധ്യേ ഇറക്കി

പനാജി: തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് പറന്ന് ഖത്തര്‍ എയര്‍വേസ് വിമാനം പൈലറ്റിന്റെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരിച്ചിറക്കി.

പുലര്‍ച്ചെ പുറപ്പെട്ട ഖത്തര്‍ എയര്‍വേസിന്റെ ക്യു.ആര്‍ 507 നമ്പര്‍ വിമാനത്തിലെ പൈലറ്റ് ദേഹാസ്വാസ്ഥ്യം അറിയിച്ചതിനെ തുടര്‍ന്ന് വഴിമധ്യേ ഗോവയിലേക്ക് തിരിച്ചുവിടാന്‍ അറിയിക്കുകയായിരുന്നു. ഏഴു മണിക്ക് ഖത്തറിലെത്തേണ്ട വിമാനം പുലര്‍ച്ചെ 6.30തോടെയാണ് ഗോവയിലെ ഡബോളിം എയര്‍പോര്‍ട്ടില്‍ ഇറക്കിയത്.


ശനിയാഴ്ച്ച രാവിലെ 3.49ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ഖത്തര്‍ എയര്‍വേസില്‍ 124 യാത്രക്കാരും 12 ജീവനക്കാരുമാണുണ്ടായിരുന്നത്. അസുഖത്തെ തുടര്‍ന്ന് പൈലറ്റിനെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.