സൗജന്യ ടിക്കറ്റ്: വാര്‍ത്തയില്‍ പ്രതികരണവുമായി ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: കുവൈത്തിലെ ഫിലിപ്പൈന്‍ സ്വദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ ടിക്കറ്റ് അനുവദിച്ചതായുള്ള വാര്‍ത്ത ഖത്തര്‍ എയര്‍വേയ്‌സ് തള്ളി. ഫിലിപ്പൈന്‍സിനും കുവൈത്തിനുമിടയില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടതിനെത്തുടര്‍ന്ന് കുവൈത്തിലെ തങ്ങളുടെ പൗരന്‍മാരെ ഫിലിപ്പൈന്‍ സര്‍ക്കാര്‍ മടക്കിവിളിച്ചിരുന്നു.ഇതേത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്‌സിനെതിരെ ചില അറബി മാധ്യമങ്ങളും സോഷ്യല്‍മീഡിയാ ഉപയോക്താക്കളും വ്യാജവാര്‍ത്തകള്‍ വിടുകയായിരുന്നു. ഫിലിപ്പിനോ കള്‍ക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിന് ഖത്തര്‍ എയര്‍വേയ്‌സ് സൗജന്യമായി അവസരമൊരുക്കിയെന്നായിരുന്നു വാര്‍ത്ത. ഇക്കാര്യം അടിസ്ഥാനരഹിതമാണെന്ന് എയര്‍വേയ്‌സ് അറിയിച്ചു. വാണിജ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ എയര്‍വേയ്‌സ് പ്രവര്‍ത്തിക്കുന്നതെന്നും ടിക്കറ്റ് സ്വന്തമായുള്ളവരും യാത്രയ്ക്ക് ആവശ്യമായ എല്ലാ രേഖകളുമുള്ളവരെയും യാത്ര ചെയ്യുന്നതില്‍ നിന്നും തടയാനാകില്ലെന്നും ഖത്തര്‍ എയര്‍വേയ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

SHARE