ദോഹ: യാത്രാ വിമാനവും കാര്‍ഗോ സേവനത്തിന് ഉപയോഗിക്കുന്ന ആദ്യ സര്‍വ്വീസ് കൊച്ചിയിലേക്ക് പറന്നു. ഇന്ന് കാലത്ത് 2-15-ഓടെയാണ് ഖത്തര്‍ എയര്‍വെയിസ് വിമാനം ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് കാര്‍ഗോ നീക്കങ്ങള്‍ക്കായി പറന്നത്. ഇതോടെ കേരളത്തിലേക്കുള്ള മൃതദേഹങ്ങള്‍ ഇത്തരം വിമാനങ്ങളില്‍ അയക്കാനാവുമെന്ന പ്രതീക്ഷയുണ്ടെന്ന് ഖത്തര്‍ കെ എം സി സി മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു. ഏപ്രില്‍ 14-ന് മറ്റൊരു യാത്രാ വിമാനവും കാര്‍ഗോ സര്‍വ്വീസിനായി കൊച്ചിയിലേക്ക് പോകുമെന്നറിയുന്നു.
കാര്‍ഗോ വിമാനത്തിന് പുറമെ യാത്രാ വിമാനങ്ങളും ചരക്കു നീക്കത്തിന് ഉപയോഗിക്കുമെന്ന ഖത്തര്‍ എയര്‍വെയിസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ബാകിര്‍ ഈയ്യിടെ പ്രഖ്യാപിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയായിരുന്നു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ഭക്ഷ്യോത്പന്നങ്ങളും മെഡിക്കല്‍ സാമഗ്രികളും ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇന്ത്യയിലേക്ക് വിമാന സര്‍വ്വീസ് നിര്‍ത്തലാക്കിയതിനാല്‍ മൃതദേഹം കൊണ്ടുപോവാന്‍ കഴിഞ്ഞിരുന്നില്ല. ദിനങ്ങള്‍ക്ക് ശേഷം ഈയ്യിടെ കല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലേക്ക് 2 മൃതദേഹങ്ങള്‍ കൊണ്ടുപോവുകയുണ്ടായി. ചെന്നൈ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള നിയമ നടപടികള്‍ക്ക് കെ എം സി സി അല്ഇഹ്്സാന് മയ്യിത്ത് പരിപാലന കമ്മിറ്റി ചെയര്മാന് മഹ്ബൂബ് നാലകത്ത്, ജനറല്‍കണ്‍വീനര്‍ ഖാലിദ് കല്ലു, കണ്‍വീനര്‍മാരായ അബ്ബാസ്, മുഹീസ് എന്നിവരാണ് നേതൃത്വം നല്‍കിയിരുന്നത്.