കോവിഡ് പോരാട്ടത്തിന്‍റെ മുന്‍നിരയില്‍ ഖത്തര്‍; സഹായമെത്തിച്ചത് ഇരുപതിലധികം രാഷ്ട്രങ്ങള്‍ക്ക്

ദോഹ: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇരുപതിലധികം വിദേശരാജ്യങ്ങള്‍ക്ക് സഹായമെത്തിച്ച് ഖത്തര്‍. യു.എസ്, യു.കെ, ഫ്രാന്‍സ് തുടങ്ങിയ വന്‍കിട രാഷ്ട്രങ്ങളിലേക്ക് അടക്കം ഖത്തര്‍ സഹായമെത്തിച്ചിട്ടുണ്ട്. കോവിഡ് ഏറെ ബാധിച്ച മൂന്ന് രാഷ്ട്രങ്ങളിലും അടിയന്തര മെഡിക്കല്‍ സഹായങ്ങളാണ് അറബ് രാഷ്ട്രം എത്തിച്ചത്.

കോംഗോ, അംഗോള, ഇറ്റലി, ഇറാന്‍, ചൈന, നേപ്പാള്‍, റുവാണ്ട, ടുണീഷ്യ, അല്‍ജീരിയ, സോമാലിയ, ഫലസ്തീന്‍, യമന്‍, ലബനന്‍, അല്‍ബേനിയ എന്നീ രാഷ്ട്രങ്ങളിലും ഖത്തര്‍ സഹായമെത്തിച്ചു. കോവിഡ് ആദ്യഘട്ടത്തില്‍ ഏറെ ബാധിച്ച ഇറ്റലിയില്‍ അഞ്ഞൂറ് കിടക്കകള്‍ വീതമുള്ള രണ്ട് ഫീല്‍ഡ് ആശുപത്രികളാണ് രാജ്യം ഒരുക്കിയത്. ടുണീഷ്യയിലും ആശുപത്രി സജ്ജമാക്കി. കോവിഡ് സഹായമായി ഇതുവരെ 140 ദശലക്ഷം യു.എസ് ഡോളറാണ് ഖത്തര്‍ ചെലവഴിച്ചത്.

മഹാമാരിയെ നേരിടാനുള്ള ശ്രമങ്ങള്‍ക്കുള്ള പിന്തുണയെന്നോണം അഫ്ഗാനിസ്താന്‍, കസാഖിസ്താന്‍, ബോസ്‌നിയ ഹെര്‍സഗോവിന, വടക്കന്‍ മാസിഡോണിയ, സെര്‍ബിയ രാജ്യങ്ങളിലേക്കും ഖത്തര്‍ അടിയന്തര സഹായമെത്തിക്കുമെന്ന് അമീര്‍ ശൈഖ് തമീല്‍ ബിന്‍ ഹമദ് അല്‍ഥാനി നിര്‍ദ്ദേശിച്ചു. ഇതിന് പുറമേ, ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതിയായ യു.എന്‍.ഡി.പിയിലും ഖത്തര്‍ സഹകരിക്കുന്നുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഖത്തറിന്റെ കൂടി പങ്കാളിത്തത്തില്‍ ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് ഓഫ് സോളിഡാരിറ്റിയും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ, കനഡ, ഡെന്മാര്‍ക്ക്, സിയറ ലിയോണ്‍ രാഷ്ട്രങ്ങളാണ് മറ്റു പങ്കാളികള്‍.

അതിനിടെ, ഖത്തറില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 32604 ആയി. നിലവില്‍ 28219 പേരാണ് ചികിത്സയിലുള്ളത്. 15 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1632 കേസാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 582 പേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഇന്നു മുതല്‍ പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും രാജ്യത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മന്ത്രിസഭയുടേതാണ് തീരുമാനം. ഉത്തരവ് പാലിച്ചില്ലെങ്കില്‍ പരമാവധി രണ്ടു ലക്ഷം റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത തടവോ അനുഭവിക്കേണ്ടി വരും. മാസ്‌ക് നിര്‍ബന്ധമാക്കിയ തീരുമാനം ജനങ്ങളെ അറിയിക്കാന്‍ ഇംഗ്ലീഷ്, ഉറുദു, മലയാളം ഭാഷകളില്‍ ബോധവല്‍ക്കരണ ക്യംപയിനും ആരംഭിച്ചിട്ടുണ്ട്.