ഖത്തര്‍ ലോകകപ്പ് എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കുമായുള്ള ടൂര്‍ണമെന്റ്: ഇന്‍ഫന്റിനോ

ദോഹ: 2022 ഖത്തര്‍ ലോകകപ്പ് എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്നും ലോകകപ്പ് വലിയ വിജയമാക്കാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും തീവ്രശ്രമങ്ങളുണ്ടാകണമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പറഞ്ഞു. ഖത്തറിനു മാത്രമായല്ല, മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കുമായാണ് ലോകകപ്പ്.- ഒമാനില്‍ ഫിഫ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തോടനുബന്ധിച്ച് മാധ്യമങ്ങളോടു സംസാരിക്കവെയാണ് ഇന്‍ഫന്റിനോ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ഖത്തറില്‍ ലോകകപ്പ് നടക്കും. ഇക്കാര്യത്തില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. കുവൈത്തില്‍ നടന്ന 23-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും പങ്കെടുത്തതില്‍ വലിയ സന്തോഷമുണ്ട്. ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നതില്‍ ഗള്‍ഫ് കപ്പ് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകകപ്പിന്റെ ഭാവി, ആദ്യമായി 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന 2026 ലോകകപ്പ്, ഗ്ലോബല്‍ വനിതാ ഫുട്‌ബോള്‍ ലീഗ്, അണ്ടര്‍-17 ലോകകപ്പും അണ്ടര്‍-20 ലോകകപ്പും സംയോജിപ്പിക്കുന്നതിനുള്ള ആശയം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഫിഫ എക്‌സിക്യുട്ടീവ് കമ്മിറ്റി മീറ്റിങില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.