ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ്


തിരുവനന്തപുരം: ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കണ്ടറി ഏകീകരണം ശിപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒന്ന് മുതല്‍ 12 വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ഇനി ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും. ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യൂക്കേഷനാണ് ഇനി മുതല്‍ പൊതുപരീക്ഷാ നടത്തിപ്പിന്റെ ചുമതല. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സംവിധാനം മാറ്റമില്ലാതെ തുടരും. ഹയര്‍ സെക്കണ്ടറി വരെയുള്ള സ്‌കൂളുകളില്‍ പ്രിന്‍സിപ്പലായിരിക്കും ഭരണാധികാരി.
ഇവിടെ ഹെഡ്മാസ്റ്റര്‍ വൈസ് പ്രിന്‍സിപ്പലാകും. ഈ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്. റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ജില്ലാതല പ്രവേശനോല്‍സവവും ബഹിഷ്‌കരിക്കും. വിദ്യാഭ്യാസ മന്ത്രിയെ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷ അധ്യാപകര്‍ ഈ മാസം 20ന് നിയമസഭാ മാര്‍ച്ചും നടത്തും. സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. അതിനിടെ, അപൂര്‍ണ്ണമായി മാത്രം പുറത്തു വന്ന ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വേണ്ടത്ര ചര്‍ച്ചയോ, ആലോചനയോ കൂടാതെ ധൃതി പിടിച്ച് ഏകപക്ഷീയമായി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പൊതു വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപകരെ രണ്ടു തട്ടിലാക്കുകയും സെക്കണ്ടറി വിദ്യാഭ്യാസ മേഖലയുടെ ഗുണനിലാവാരം തകര്‍ക്കുകുയം ചെയ്യുന്ന ഈ തുഗ്ലക് പരിഷ്‌ക്കാരമാണിത്. നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും അദ്ധ്യാപക സംഘടനകളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും ചര്‍ച്ച നടത്തിയ ശേഷമേ റിപ്പോര്‍ട്ട് നടപ്പാക്കാവൂ എന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും, നിയമസഭയില്‍ ഇത് സംബന്ധിച്ച് അടിയന്തിര പ്രമേയം കൊണ്ടു വന്നിട്ടും അതെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് റിപ്പോര്‍ട്ട് നടപ്പാക്കാനായി ഉത്തരവിറക്കിയിരിക്കുന്നത്. ഇത് കടുത്ത സാഹസവും അഹന്തയുമാണ്. വിദ്യാഭ്യാസ രംഗത്തെ ഇത് സംഘര്‍ഷ ഭരിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം മേഖലയിലെ ചെറിയ പരിഷ്‌ക്കാരം പോലും അവധാനതയോടെ വേണം നടപ്പാക്കേണ്ടത്. അല്ലാതെ സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യം വച്ച് ചെയ്യേണ്ടതല്ല വിദ്യാഭ്യാസ പരിഷ്‌ക്കരണം. ഇതിനെതിരായി പ്രതിപക്ഷ അധ്യാപക സംഘടനകള്‍ നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും നല്‍കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

SHARE