തിരുവനന്തപുരം: വിവാദമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേര്‍സ് കമ്പനിക്ക് ഇ മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ ഏല്‍പിക്കാന്‍ ചരടുവലിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ തന്നെയാണെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്ത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം.ശിവശങ്കറായിരുന്നു വൈദ്യുതി നയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡൈ്വസറായ ആശോക് ജുന്‍ജുവാല ചെയര്‍മാനായ സമിതിയിലെ കണ്‍വീനര്‍. പ്രൈസ് വാട്ടര്‍ കൂപ്പേര്‍സ് കമ്പനിയെ ഫോണിന്റേയും വ്യവസായ ഇടനാഴിയുടേയും കണ്‍സള്‍ട്ടന്‍സി കരാര്‍ ഏല്‍പിക്കുന്നതില്‍ ശിവശങ്കര്‍ നിര്‍ണായക പങ്കുവഹിച്ചതായാണ് വ്യക്തമാകുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഇ-മൊബിലിറ്റി പദ്ധതിയില്‍ വളഞ്ഞ വഴിയിലൂടെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതിന് പിന്നിലും ശിവശങ്കറാണെന്ന തെളിവുകള്‍ പുറത്ത് വന്നത്.
നേരത്തെ 4,500 കോടിയുടെ ഇ-മൊബിലിറ്റി പദ്ധതി വന്നപ്പോള്‍ ധനകാര്യ വകുപ്പും ചീഫ് സെക്രട്ടറിയും എതിര്‍ത്തിരുന്നു. ഇത്രയും പണം കണ്ടെത്തുന്നതിലെ പ്രായോഗികത ചൂണ്ടിക്കാട്ടിയാണ് ധനകാര്യ വകുപ്പും ചീഫ് സെക്രട്ടറിയും പ്രധാനമായും അന്ന് എതിര്‍പ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ ഈ എതിര്‍പ്പുകളെ കാര്യമായി എടുക്കാതെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടെണ്ടര്‍ പോലും വിളിക്കാതെ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയമിച്ചു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ എങ്ങനെ കണ്‍സള്‍ട്ടന്റായി വച്ചു എന്നതിന്റെ തെളിവാണ് ഈ ഉത്തരവിലൂടെ വ്യക്തമായിരിക്കുന്നത്. ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍വീനര്‍ എം ശിവശങ്കറാണെന്നും രേഖകളിലൂടെ തെളിഞ്ഞു. ഇതിലൂടെ ശിവങ്കറാണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ കണ്‍സള്‍ട്ടന്റായി കൊണ്ടുവരുന്നതിന് ചുക്കാന്‍ പിടിച്ചതെന്നതും വ്യക്തമായി.
17.02.20 ല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് കൂടിയ ഇ-ബസ് നിര്‍മാണ പദ്ധതി സംബന്ധിച്ച മീറ്റിംഗില്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന്റെയും ഹെസിന്റെയും പ്രതിനിധികള്‍ ഒരുമിച്ച് പങ്കെടുത്തതിന്റെ തെളിവുകളും നേരത്തെ പുറത്ത് വന്നിരുന്നു.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തില്‍ ശിവശങ്കര്‍ പുറത്തായതോടെ ഐടി വകുപ്പിനു കീഴിലുള്ള സ്‌പേസ് പാര്‍ക്കിന്റ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പ്രൈസ് വാട്ടറിനെ നീക്കാന്‍ നീക്കം നടക്കുന്നതായി സൂചനകള്‍. സമയപരിധി കഴിഞ്ഞിട്ടും കരാറിന്റ കരട് സമര്‍പ്പിച്ചില്ലെന്ന കാരണം നിരത്തിയാണ് ഒഴിവാക്കാന്‍ ആലോചിക്കുന്നത്. പ്രൈസ് വാട്ടര്‍ കൂപ്പേര്‍സിനു ഗതാഗത കമ്മിഷണര്‍ വര്‍ക്ക് ഓര്‍ഡര്‍ കൊടുത്തെങ്കിലും കരാറിന്റ കരട് ഇതുവരെ കമ്പനി സമര്‍പ്പിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഒഴിവാക്കാം. പ്രൈസ് വാട്ടറുമായി ഇതുവരെ കരാര്‍ ഒപ്പിടുകയോ പണം കൈമാറുകയോ ചെയ്യാത്തതിനാല്‍ മറ്റ് സാങ്കേതിക തടസങ്ങളുണ്ടാകില്ലെന്നുമാണ് ഗതാഗതവകുപ്പിന്റ കണക്കുകൂട്ടല്‍. ഇ മൊബിലിറ്റി റിബില്‍ഡ് കേരളയുടെ ഭാഗമായതിനാല്‍ പ്രത്യേകിച്ചൊരു കണ്‍സള്‍ട്ടന്‍സി വേണ്ട എന്നതാണ് ഇക്കാര്യത്തില്‍ ഗതാഗതവകുപ്പിന്റ ന്യായീകരണം. ഇക്കാര്യത്തില്‍ സര്‍ക്കാരായിരിക്കും അന്തിമ തീരുമാനമെടുക്കുക.