പി.വി അന്‍വറിന്റെ വിവാദ തടയണ പൊളിച്ചുനീക്കാന്‍ ഒരു മാസമെടുത്തേക്കും


പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവിന്റെ പേരിലുള്ള ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ചുനീക്കല്‍ ഒരു മാസത്തോളം നീണ്ടേക്കും. അഞ്ച് ദിവസമായി പൊളിച്ചുനീക്കല്‍ തുടരുകയാണ്. നിലവിലുള്ള തടയണ 12 മീറ്റര്‍ താഴ്ചയില്‍ പൊളിച്ചുമാറ്റി സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
2 ലക്ഷം ഘനയടിവെള്ളം സംഭരിക്കാന്‍ ശേഷിയുള്ള തടയണ മുകള്‍ ഭാഗം 25 മീറ്റര്‍ വീതിയിലും മധ്യഭാഗം 12 മീറ്ററും താഴ്ഭാഗം ആറ് മീറ്റര്‍ വീതിയിലുമാണ് പൊളിച്ചുമാറ്റുന്നത്. ഇങ്ങനെ വരുമ്പോള്‍ മുകള്‍ ഭാഗത്ത് നിന്നും തടാകത്തിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തെക്കാള്‍ കൂടുതല്‍ പുറത്തേക്കൊഴുക്കാന്‍ സാധിക്കും. ഇതിനായി ഏകദേശം 3000 ഘനയടി മണ്ണ് നീക്കേണ്ടി വരും. എന്നാല്‍ മഴ കനത്തതോടെ മണ്ണ് മാറ്റല്‍ പ്രവൃത്തി ഉദ്ദേശിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. തടയണക്ക് സമീപം ആനശല്യം വര്‍ധിച്ചതിനാല്‍ അതിരാവിലെ ഏഴ് മണിക്ക് സ്ഥലത്തെത്താന്‍ ഉദ്യോഗസ്ഥര്‍ക്കും മണ്ണുമാറ്റുന്ന ജോലിക്കാര്‍ക്കും സാധിക്കുന്നില്ല. ഇന്നലെയും രാവിലെ ഏഴ് മണിക്ക് പ്രദേശത്ത് ആനശല്യമുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ 20 ദിവസത്തിലധികം ഇനിയും വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തടയണ പൊളിച്ചു നീക്കി ജൂലൈ രണ്ടിന് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ 21 ന് പൊളിച്ചു നീക്കല്‍ തുടങ്ങിയത്. മൂന്ന് മണ്ണുമാന്തികളുപയോഗിച്ചാണ് ഇപ്പോള്‍ പ്രവൃത്തി നടത്തുന്നത്. ഇതിന് ഒരു ദിവസം മാത്രം 40000 രൂപയിലധികം ചെലവു വരുന്നുണ്ട്. പ്രവൃത്തി കൂടുതല്‍ ദിവസം നീണ്ടാല്‍ പത്ത് ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് സൂചന. പ്രവൃത്തി വിലയിരുത്തുന്നതിന് മലപ്പുറം കലക്ടര്‍ ജാഫര്‍ മാലിക് ഇന്നലെ ചീങ്കണ്ണിപ്പാലി റവന്യൂ മൈനിങ് ആന്റ് ജിയോളജി, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥരുമായി വിശദമായ ചര്‍ച്ച നടത്തി. കോടതി നിര്‍ദേശിച്ച സമയത്തിനകം തടയണ പൊളിച്ച് മാറ്റി സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. കനത്ത മഴയില്‍ പ്രവൃത്തി നിര്‍ത്തിവെക്കേണ്ടി വരികയോ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയോ ചെയ്താല്‍ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്താമെന്നും കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ 2015 ലാണ് കരാര്‍ പ്രകാരം സ്വന്തമായ സ്ഥലത്ത് അന്‍വര്‍ തടയണകെട്ടിയത്. അന്നത്തെ നോര്‍ത്ത് ഡി.എഫ്.ഒ കെ.കെ സുനില്‍കുമാര്‍ സ്വാഭാവിക നീരൊഴുക്ക് തടയുന്ന രീതിയില്‍ നിര്‍മിച്ച തടയണ നിയമവിരുദ്ധമാണെന്നും നിര്‍മ്മാണ പ്രവൃത്തി തടയണമെന്നും ആവശ്യപ്പെട്ട് 2015 ജൂലൈ രണ്ടിന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
തുടര്‍ന്ന്് 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കലക്ടര്‍ ടി.ഭാസ്‌കരന്‍ തടയണ പൊളിക്കാന്‍ ഉത്തരവിട്ടെങ്കിലും നടപ്പാക്കിയില്ല. പിന്നീട് 2017 ല്‍ എം.പി വിനോദ് ഉത്തരവ് നടപ്പാക്കിയില്ലെന്ന് വീണ്ടും പരാതി നല്‍കിയതോടെ കലക്ടര്‍ അമിത് മീണ ദുരന്തനിവാരണ നിയമപ്രകാരം പൊളിക്കാന്‍ വീണ്ടും ഉത്തരവിട്ടു. ഇതിനെതിരെ അന്‍വറിന്റെ ഭാര്യാ പിതാവ് ഹൈക്കോടതിയെ സമീപച്ചതോടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

SHARE