നിയമം ലംഘിച്ച് പണിത പി.വി അന്‍വര്‍ എം.എല്‍.എയുടെ തടയണ പൊളിച്ചു തുടങ്ങി


നിലമ്പൂര്‍: നിയമംലംഘിച്ച് കാട്ടരുവിക്കു കുറുകെ മലയിടിച്ചു പണിത ചീങ്കണ്ണിപ്പാലിയിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതിയിലുള്ള തടയണ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ച് തുടങ്ങി. ഇന്നലെ രാവിലെയാണ് വിദഗ്ധസമിതിയുടെ നേതൃത്വത്തില്‍ രണ്ട് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തടയണപൊളിക്കാന്‍ തുടങ്ങിയത്. തടയണപൊളിക്കുന്നതിന്് മേല്‍നോട്ടത്തിനായി ഡെപ്യൂട്ടി തഹസില്‍ദാരെയും സ്ഥലത്ത് നിയോഗിച്ചു. ഏറനാട് തഹസില്‍ദാര്‍ സി. ശുഭന്റെ നേതൃത്വത്തില്‍ ഇറിഗേഷന്‍ എഞ്ചീനിയര്‍മാരും ജിയോളജി, റവന്യൂ, വനം അടക്കം വിദഗ്ധസമിതിയിലുള്‍പ്പെട്ട 10 വകുപ്പുകളിലെ ഉദ്യോഗസ്ഥരും എത്തിയിരുന്നു.
പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അനുപം മിശ്ര നേരത്തെ സ്ഥലത്തെത്തി തടയണപൊളിക്കുന്നതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. മുകളില്‍ 12 മീറ്ററും താഴെ ആറു മീറ്റര്‍ വീതിയിലുമായിരിക്കും തടയണപൊളിക്കുക. തടയണപൊളിക്കാനുള്ള ഉത്തരവ് അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ ലത്തീഫ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് മലപ്പുറം കലക്ടറോട് 15 ദിവസത്തിനകം തടയണപൊളിക്കാന്‍ ഹൈക്കോടതി 14ന് ഉത്തരവിട്ടത്. തടയണപൊളിച്ച് ജൂലൈ രണ്ടിന് മലപ്പുറം കലക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
2015ലാണ് കരാര്‍ പ്രകാരം സ്വന്തമായ സ്ഥലത്ത് പി.വി അന്‍വര്‍ മലയിടിച്ച് തടയണകെട്ടിയത്. അന്നത്തെ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ കെ.കെ സുനില്‍കുമാര്‍ തടയണ നിയമവിരുദ്ധമാണെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും ആവശ്യപ്പെട്ട് 2015 ജൂലൈ രണ്ടിന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ നല്‍കിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള സ്റ്റോപ്പ് മെമ്മോ 2015 ആഗസ്റ്റ് 17ന് പി.വി അന്‍വര്‍ ഒപ്പിട്ടു വാങ്ങി. വിചാരണയും തെളിവുകളും ശേഖരിച്ച് നിയമവിരുദ്ധമായി കെട്ടിയ തടയണ പൊളിച്ചുനീക്കാന്‍ 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കലക്ടര്‍ ടി. ഭാസ്‌ക്കരന്‍ ഉത്തരവിട്ടു. എന്നാല്‍ തടയണപൊളിക്കാനുള്ള ഒരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
2016ല്‍ പി.വി അന്‍വര്‍ എം.എ.എയായതോടെ തടയണയില്‍ ബോട്ട് സര്‍വീസ് നടത്താനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിന്റെ ഭാഗമായി തടയണയില്‍ ബോട്ട് സര്‍വീസ് ആരംഭിക്കാനായിരുന്നു പദ്ധതി. വാട്ടര്‍തീം പാര്‍ക്കില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് തടയണ. വേനല്‍ക്കാലത്ത് വാട്ടര്‍തീം പാര്‍ക്കിലേക്ക് വെള്ളമെത്തിച്ചതും തടയണയില്‍ നിന്നായിരുന്നു. തടയണപൊളിക്കാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കുന്നില്ലെന്നു കാണിച്ച് നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് മലപ്പുറം കലക്ടര്‍ക്ക് 2017 മാര്‍ച്ച് 14ന് പരാതി നല്‍കി. ഈ പരാതിയില്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ വിദഗ്ധസമിതിയെ നിയോഗിച്ച് വിശദമായ തെളിവെടുപ്പും നടത്തി. തടയണയല്ല കുളമാണെന്നായിരുന്നു എം.എല്‍.എയുടെ വാദം. എന്നാല്‍ ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചതോടെ കാട്ടരുവിയില്‍ തടയണകെട്ടിയതാണെന്ന് തെളിഞ്ഞു.
ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമായി കെട്ടിയ തടയണ ദുരന്തനിവാരണ നിയമപ്രകാരം പൊളിച്ചുനീക്കാന്‍ മുന്‍ മലപ്പുറം കലക്ടര്‍ അമിത് മീണ 2017 ഡിസംബര്‍ എട്ടിന് ഉത്തരവിട്ടു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കലക്ടറുടെ ഉത്തരവെന്നു കാണിച്ച് അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി് ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എം.എല്‍.എയുടെ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ എം.പി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസില്‍ കക്ഷിചേര്‍ന്നു. രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂര്‍ണമായും ഒഴുക്കിവിടണമെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 10ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവ്് 10 മാസം കഴിഞ്ഞിട്ടും നടപ്പാക്കിയിരുന്നില്ല. ഇക്കാര്യം പരാതിക്കാരന്‍ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ഹൈക്കോടതി തടയണയിലെ വെള്ളം അടിയന്തരമായി തുറന്നുവിടാനും കാട്ടരുവിയുടെ സ്വാഭാവിക നീരൊഴുക്ക് നിലനിര്‍ത്താനും ഇക്കഴിഞ്ഞ എപ്രില്‍ 10ന് ഉത്തരവിട്ടത്. എന്നിട്ടും തടയണയുടെ ഒരു ഭാഗത്ത് മണ്ണുനീക്കുകയല്ലാതെ തടയണപൊളിച്ച് വെള്ളം പൂര്‍ണമായും ഒഴുക്കിവിട്ടില്ല. ഇതോടെയാണ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ അന്‍വറിന്റെ ഭാര്യാപിതാവ് അബ്ദുല്‍ലത്തീഫ് വീഴ്ചവരുത്തിയെന്ന് വിലയിരുത്തി തടയണപൊളിക്കാന്‍ മലപ്പുറം കലക്ടറോട് ഉത്തരവിട്ടത്.

SHARE