ഇങ്ങള് മലപ്പുറത്തേക്ക് വാ,ഒരു സുലൈമാനി കുടിച്ചിട്ട് പോകാം; പി.വി അബ്ദുല്‍ വഹാബ് എം.പി

പ്രിയപ്പെട്ട മനേക ഗാന്ധിയോടാണ്. നിങ്ങളൊന്ന് മലപ്പുറത്തേക്ക് വരണം. എന്നിട്ട് ഈ നാട്ടു വഴികളിലൂടെ സഞ്ചരിക്കണം. മലപ്പുറത്തിന്റെ ചരിത്രം പഠിക്കണം. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് ഈ നാടു നല്‍കിയ സംഭാവനകള്‍ അറിയണം. ഗാന്ധിജിക്കും നൂറു വര്‍ഷം മുമ്പ് നികുതി നിഷേധ സമരം നടത്തിയ വെളിയങ്കോട് ഉമര്‍ ഖാസിയുടെ നാടാണ് മലപ്പുറം. സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ മമ്പുറം തങ്ങളുടെയും വാരിയന്‍കുന്നത്തിന്റെയും ആലി മുസ്ല്യാരുടെയും നാട്. ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛനും പൂന്താനവും പാടിപ്പറഞ്ഞ പൈതൃകമാണ് മലപ്പുറം. മഹാകവി മേല്പത്തൂര്‍ നാരായണ ഭട്ടതിരിയും മഹാകവി മോയിന്‍കുട്ടി വൈദ്യരും ഈ മണ്ണിന്റെ മക്കളാണ്. തിരുന്നാവായയിലെ മാമാങ്കത്തിന്റെ ചരിത്രം മലപ്പുറത്തിന്റേതാണ്. പൊന്നാനിയുടെ പൈതൃകവും കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയും മലപ്പുറത്തിന്റെ സ്വന്തമാണ്.

വന്യജീവികളെ സംരക്ഷിക്കുന്ന മലയും കാടുകളും വനത്തെ ആശ്രയിക്കുന്ന ആദിവാസി സഹോദരങ്ങളും ഇവിടെയുണ്ട്. മത സൗഹാര്‍ദ്ദത്തിന്റെ മഹനീയ മാതൃക അറിയാന്‍ അങ്ങാടിപ്പുറത്തേക്ക് വരാം. തളി ക്ഷേത്രത്തിന്റെ മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന പള്ളി കാണാം. ആ ക്ഷേത്രത്തിന്റെ ഗോപുരവാതിലിന് സാമൂഹിക ദ്രോഹികള്‍ തീയിട്ടപ്പോള്‍ ആദ്യം ഓടിയെത്തിയത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ്. ബാബരി മസ്ജിദ് തകര്‍ന്ന സമയത്ത് അമ്പലങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ ആഹ്വാനം ചെയ്തതും ശിഹാബ് തങ്ങളാണ്. നിരവധി തവണ ഐക്യരാഷ്ട്രസഭയില്‍ രാജ്യത്തിനു വേണ്ടി പ്രസംഗിക്കുകയും കേന്ദ്ര മന്ത്രിയാവുകയും ചെയ്ത ഇ. അഹമ്മദ് മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചാണ് ലോക്‌സഭയിലെത്തിയത്. മലപ്പുറത്തുകാരനായ ഇ.ടി മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായ കാലത്താണ് കേരളത്തില്‍ ഒരു സംസ്‌കൃത സര്‍വ്വകലാശാല സ്ഥാപിച്ചത്. കുറ്റിപ്പുറം പാലത്തിന്റെ ശില്‍പിയും മുന്‍ കെ.പി.സി.സി പ്രസിഡന്റും മദ്രാസ് അസംബ്ലിയിലെ മുന്‍ മന്ത്രിയുമായിരുന്ന കോഴിപ്പുറത്ത് മാധവ മേനോനെപ്പോലുള്ളവരുടെ കര്‍മ മണ്ഡലമായിരുന്നു മലപ്പുറം. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന് നേതൃത്വം നല്‍കിയ ഇ.എം.എസ്സിന്റെ നാടാണ് മലപ്പുറം.

പറയാനാണെങ്കില്‍ ഒരുപാടുണ്ട്. വര്‍ഗ്ഗീയക്കോമരങ്ങള്‍ എഴുതി വിടുന്നതു കേട്ടിട്ടല്ല ഒരു ജില്ലയെ വിലയിരുത്തേണ്ടത്. ഇന്ത്യയിലെ ഏറ്റവും വയലന്റായ ജില്ല എന്ന് ട്വീറ്റ് ചെയ്യുന്നതിനു മുമ്പ് ആ വയലന്‍സിന്റെ കണക്ക് പറയണം. ചുരുങ്ങിയത് മലപ്പുറത്തെ ബി.ജെ.പിക്കാരോടെങ്കിലും മലപ്പുറത്തെക്കുറിച്ച് ചോദിക്കണം. നുണകളുടെ കോട്ട കെട്ടും മുമ്പ് ഇവിടെ വന്നിട്ടൊന്ന് അനുഭവിക്കണം. ഒരിയ്ക്കല്‍ ഇവിടെ വന്നവര്‍ക്ക് പിന്നെ എങ്ങും പോകാന്‍ തോന്നാറില്ല. സര്‍ക്കാര്‍ സര്‍വ്വീസിനു വേണ്ടി അങ്ങനെ മലപ്പുറത്തെത്തി മലപ്പുറത്തുകാരായ എത്രയോ മനുഷ്യരുണ്ട്. അതുകൊണ്ട് മനേക ഗാന്ധിമാരേ, നിങ്ങളോട് മുമ്പൊരിക്കല്‍ പറഞ്ഞ കാര്യം തന്നെയാണ് പറയാനുള്ളത്. ”ഇങ്ങള് മലപ്പുറത്തേക്ക് വാ. ഒരു സുലൈമാനി കുടിച്ചിട്ട് പോകാം.”

SHARE