പൗരത്വ ഭേദഗതി ബില്‍ ഹോളോകോസ്റ്റിന്റെ പുതിയ പതിപ്പെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി

രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് എംപി പി.വി അബ്ദുല്‍ വഹാബ്. പൗരത്വ ഭേദഗതി ബില്ലിലൂടെ പുറത്താക്കപ്പെടുന്ന ആളുകളെ ഡിറ്റര്‍ഷന്‍ ക്യാമ്പിലേക്ക് മാറ്റാനാണൊ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നെതും എങ്കില്‍ ഇത് ഹോളോകോസ്റ്റിന്റെ പുതിയ പതിപ്പാണെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് പൗരത്വം നല്‍കാനുള്ള തീരുമാനം ഡ്രാക്കോണിയന്‍ നിയമവ്യവസ്ഥയുടേതാണെന്നും ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശവക്കല്ലറയിലെ അവസാന ആണി അടിക്കലാണെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. (അഡോൾഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ ജർമൻ നാസികൾ ചെയ്ത കൂട്ടക്കൊലകളുടെ പരമ്പരകൾക്ക് പൊതുവായി പറയുന്ന പേരാണ്‌ ഹോളോകോസ്റ്റ്.)

ഈ ബില്ല് രാജ്യത്തിന്റെ ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണ്. വസുദൈവ കുടുംബകം, അതിഥി ദേവോ ഭവ എന്നിങ്ങനെയുള്ള രാജ്യത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെ ഈ ബില്‍ നിരാകരിക്കുന്നു. ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ ദേശത്തിന്റെയോ പേരില്‍ മനുഷ്യരോട് വിവേചനം കാണിക്കുന്നത് ഇന്ത്യയുടെ ആത്മാവിനെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ്.
പാകിസ്താനില്‍നിന്നും അഫ്ഗാനില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമുള്ള മുസ്‌ലിംകള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം അനുവദിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ ലംഘിക്കപ്പെടുകയും ഒരു ജനവിഭാഗത്തെ ഒറ്റപ്പെടുത്തുകയും ചെയ്യുകയാവും ഈ ബില്ലിന്റെ ഫലം. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമാക്കിയാല്‍ രാജ്യത്തെ ലക്ഷക്കണക്കിന് മുസലിംകളാണ് രാജ്യമില്ലാത്തവരായി മാറുന്നത്. ചക്മ, ടിബറ്റന്‍, തമിഴ്, അഫ്ഗാനി അഭയാര്‍ത്ഥികളെ അവരുടെ പ്രതിസന്ധി ഘട്ടത്തില്‍ മതമോ ജാതിയോ നോക്കാതെ സ്വാഗതം ചെയ്തവരാണ് നമ്മള്‍. ഈ ബില്‍ ശ്രീലങ്കയില്‍നിന്നുള്ള തമിഴരെയും മുസ്‌ലിംകളെയും ഹിന്ദുക്കളെയും മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെയും വിശ്വാസികളല്ലാത്തവരെയും വിവേചനത്തോടെ കാണുകയാണ്.
നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്ന മുസ്‌ലിംകളെയും പീഡനം അനുഭവിക്കുന്ന മറ്റു ന്യൂനപക്ഷങ്ങളെയും എങ്ങനെയാണ് കൈകാര്യം ചെയ്യാന്‍ പോകുന്നത്? അവരെ നിങ്ങള്‍ നിര്‍മ്മിക്കുന്ന നാടുകടത്തല്‍ ക്യാമ്പുകളിലേക്ക് തള്ളാന്‍ പോവുകയാണോ? ഇത് ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന മറ്റൊരു ഹോളോകോസ്റ്റിന്റെ തുടക്കമാണ്.
രാജ്യത്തെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ അപമാനിക്കാന്‍ മാത്രമേ ഈ ബില്‍ ഉപകരിക്കുകയുള്ളൂ. യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനകം തന്നെ ഈ ബില്ലിനെതിരെ രംഗത്തു വന്നുകഴിഞ്ഞു. എതിര്‍ ശബ്ദങ്ങളെ ബഹുമാനിക്കാത്ത ഒരു പൊലീസ് സ്‌റ്റേറ്റായി രാജ്യം മാറിയിരിക്കുന്നു. നമ്മുടെ രാജ്യം വര്‍ണവിവേചനത്തിന്റെ നാടായി മാറിയിരിക്കുന്നു. ഈ ബില്‍ പാസ്സാകുന്നതോടെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി മാറും. മനുഷ്യത്വ വിരുദ്ധവും വിവേചനപരവുമായ ഈ ബില്ലിനോട് അതിശക്തമായി വിയോജിക്കുന്നു, പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു.

ലോക്‌സഭയില്‍ പാസായ പൗരത്വ ഭേദഗതി ബില്‍ ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചത്. അമിത് ഷാ പൗരത്വ ബില്ല് അവതിരിപ്പിച്ചതിന് പിന്നാലെ  കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്

രാജ്യസഭയില്‍ ചര്‍ച്ചയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് എംപി പിവി അബ്ദുല്‍ വഹാബ്‌ ഉച്ച കഴിഞ്ഞ് 3.29 മുതല്‍ അഞ്ച് മിനുട്ടാണ് സംസാരിച്ചത്.