ഭാഷാസമര സ്മരണകളുണരുമ്പോള്‍

പുത്തൂര്‍ റഹ്മാന്‍
സിരകളെ ത്രസിപ്പിക്കുന്ന അനുഭവ സ്മരണയുമായാണ് ഭാഷാസമരദിനമായ ജൂലൈ മുപ്പത് ഒരിക്കല്‍ കൂടി കടന്നുവരുന്നത്. അവകാശ സമരത്തിന്റെ പ്രക്ഷോഭ വീഥിയില്‍ മലപ്പുറത്ത് മുസ്‌ലിംയൂത്ത് ലീഗ് വിരചിച്ച വീരഗാഥക്ക് നാല്‍പതാണ്ടു പ്രായമായിരിക്കുന്നൂ.
മരിച്ചിട്ടും മരിക്കാത്ത ഓര്‍മ്മകളുമായി മൂന്നു യുവസഹോദരങ്ങളുടെ മുഖം മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു. മൈലപ്പുറത്തെ കോതേങ്ങല്‍ അബ്ദുല്‍ മജീദും പുത്തൂര്‍ പള്ളിക്കലെ കല്ലിടുമ്പില്‍ ചിറക്കല്‍ അബ്ദുറഹിമാനും കാളികാവിലെ ചേന്നംകുളങ്ങര അബ്ദുല്ലയുമാണ് ആ ധീര രക്തസാക്ഷികള്‍. മജീദ് റഹ്മാന്‍ കുഞ്ഞിപ്പ എന്ന പേരില്‍ കേരളത്തിലെ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത മൂന്നു നാമധേയങ്ങളായവര്‍ മാറി. ഇരുപതിനും ഇരുപത്തിയഞ്ചിനുമിടക്കു പ്രായമുള്ളവരായിരുന്നു ഭാഷാസമരത്തിലെ രക്തസാക്ഷികളെന്ന സത്യത്തിനു ഇക്കാലത്തു നാം അടിവരയിടേണ്ടതുണ്ട്. അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടവീഥികളില്‍ യൗവ്വനം തുടിക്കുന്ന കൈകള്‍ സമര പതാകയേന്തുമ്പോഴാണ് ഒരു സമൂഹത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നത്. ജീവത്യാഗത്തിലൂടെ അനശ്വരതയുടെ ഔന്നത്യമേറിയ ധീരരായ ആ മൂന്നു സമരഭടന്മാരുടെയും ആ പ്രക്ഷോഭത്തിന്റെയും സ്മരണ എക്കാലത്തും പ്രസക്തമാകുന്നതും അതുകൊണ്ടു തന്നെയാണ്.
ഭാഷാസമരത്തില്‍ പങ്കാളിയാവുകയും പരിക്കേറ്റു ആശുപത്രിയില്‍ കിടക്കുകയും ചെയ്ത ഒരു പ്രവര്‍ത്തകന്‍ എന്ന നിലക്ക് ഇന്നും ഓര്‍ക്കുമ്പോള്‍ നടുക്കമുണ്ടാവുന്നു. ഭരണകൂടം അവഗണിക്കുകയും അവകാശങ്ങള്‍ ഹനിക്കുകയും ചെയ്തതിനെതിരെ കേരളത്തിലെ ഭാഷാധ്യാപക സമൂഹം ആരംഭിച്ച സമരമായിരുന്നു അത്. നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ അറബി, ഉര്‍ദു, സംസ്‌കൃതം ഭാഷാപഠനം ഫലത്തില്‍ ഇല്ലാതാക്കുകയാണ് ചെയ്യുക എന്ന തിരിച്ചറിവിലാണ് അധ്യാപക സമൂഹം സമരം തുടങ്ങിയത്. അറബി-ഉര്‍ദു അധ്യാപകര്‍ മാത്രമായിരുന്നു സമര രംഗത്തുണ്ടായിരുന്നത്. ന്യൂനപക്ഷമായ ഭാഷാധ്യാപകരുടെ സമരം അവഗണിക്കപ്പെട്ടു. അപ്പോഴാണ് ഈ സമരം പാര്‍ട്ടി ഏറ്റെടുക്കുന്നതായും ഭാഷാധ്യാപകരുടെ അവകാശ സംരക്ഷണത്തിനായി സമരരംഗത്തിങ്ങണമെന്നും സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ ആഹ്വാനം വരുന്നത്. ആ ആഹ്വാനം ചെവിക്കൊണ്ടാണ് അവകാശനിഷേധത്തിനെതിരെയുള്ള സമരവീഥിയിലേക്കു അന്നത്തെ യുവത ഇറങ്ങിത്തിരിച്ചത്. എല്ലാ ജില്ലകളിലും പിക്കറ്റിംഗ് പ്രഖ്യാപിച്ചിരുന്നു. മലപ്പുറത്തെ സമരത്തെയാണ് പൊലീസ് സേനയെ ഉപയോഗിച്ചു സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ തുനിഞ്ഞത്. മൂന്നു സഹപ്രവര്‍ത്തകരുടെ ജീവന്‍ ബലിനല്‍കിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ യുവത ഭാഷാസമരത്തിലൂടെ ഭരണകൂട അനീതിയെ അന്നു ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്തത്. മുസ്‌ലിം യൂത്ത് ലീഗിന്റെ നിരായുധരായ പ്രവര്‍ത്തകര്‍ക്കെതിരെയാണ് അന്ന് നായനാര്‍ സര്‍ക്കാര്‍ വെടിയുതിര്‍ത്തത്.
സമാധാനപരമായി പിക്കറ്റ് ചെയ്യുന്നവരുടെ നേര്‍ക്കു നടന്ന സംഹാര താണ്ഡവത്തില്‍ നൂറില്‍പരം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അയ്യായിരത്തിലേറെ വരുന്ന യൂത്ത് ലീഗുകാര്‍ക്കെതിരെ കള്ളകേസെടുത്ത നായനാര്‍ സര്‍ക്കാരിന്റെ അന്നത്തെ ക്രൂരതകള്‍ മുഴുവന്‍ ഈ ദിനം ഒരിക്കലൂടെ ഓര്‍മയിലെത്തിക്കുന്നു. മലപ്പുറം കളക്ടറേറ്റ് പടിക്കല്‍ പരിശുദ്ധ റമസാനിലെ പതിനേഴാഴാമത്തെ ദിനം കൂടിയായ അന്നേദിവസം നോമ്പെടുത്ത ആയിരങ്ങള്‍ എട്ടുമണിയോടെയെത്തി. മലപ്പുറം കോട്ടപ്പടി സമരക്കാരൊക്കൊണ്ടു നിറഞ്ഞു. അവിടെ നിന്ന് മലപ്പുറം കുന്നുമ്മലില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ആസ്ഥാനം ലക്ഷ്യമാക്കി മന്ദം മന്ദം അവര്‍ നീങ്ങിക്കൊണ്ടിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ പോലുമില്ലായിരുന്നു. ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി സമാധാനപരമായ സമരം. ഈയുള്ളവനന്ന് ജില്ലാ എം.എസ്.എഫിന്റെ സെക്രട്ടറിയാണ്. കലക്ടറേറ്റിന് മുമ്പിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിന്റെ ചുമതലയായിരുന്നു സമര നേതാവായ സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് സാഹിബ് എനിക്ക് നല്‍കിയിരുന്നത്. രാവിലെ പത്തു മണിക്ക് തുടങ്ങിയ പിക്കറ്റിംഗ് പതിനൊന്നു മുപ്പതു വരെ, അഥവാ അന്നത്തെ ഡി.വൈ.എസ്.പിയും ഗുണ്ടകളും കലക്ടറേറ്റില്‍ പാഞ്ഞെത്തുന്നതുവരെ സമരം തീര്‍ത്തും സമാധാനപരമായിരുന്നു. പൊലീസുകാരും യൂത്ത്ലീഗ് പ്രവര്‍ത്തകരും വളരെ സഹകരണത്തോടെയാണ് നീങ്ങിയത്. ഇരുപത്തഞ്ചോളം പ്രവര്‍ത്തകരെ ഓരോ സംഘം ആക്കി അറസ്റ്റ് ചെയ്യുകയും അറസ്റ്റ് വരിച്ചവരെ വാനില്‍ കയറ്റി പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോകുകയും ചെയ്തുകൊണ്ടിരുന്നു. ഇതിനിടെയാണ് ഡി.വൈ.എസ്.പിയും സംഘവും കയറിയ ജീപ്പ് സമരക്കാര്‍ക്കു നേരെ കുതിച്ചെത്തിയത്. കലക്ടറേറ്റ് പടിക്കല്‍ ഇരുന്നിരുന്ന പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അകാരണമായ ബലപ്രയോഗവും അതിക്രമവുമാണ് പിന്നീടു ഞങ്ങള്‍ കണ്ടത്. പൊലീസ് നരനായാട്ടാണു പിന്നെ അരങ്ങേറിയത്. കലക്ടറേറ്റു കവാടത്തിനുമുന്നില്‍ എന്റെ തൊട്ടടുത്ത് വെടിയേറ്റുവീണ മജീദിന്റെ അടുത്തേക്ക് ഞാന്‍ നീങ്ങുകയായിരുന്നു. പെട്ടെന്നാണ് പിന്നില്‍ നിന്ന് പൊലീസിന്റെ ലാത്തിയടി തലയിലേറ്റത്. വീണുകിടക്കുന്ന എന്നെ പോലീസുകാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. തോക്കിന്റെ പാത്തികൊണ്ട് വയറ്റിനു കുത്തുകിട്ടി. പലതവണ പൊലീസുകാരന്റെ ബൂട്ടുകള്‍ നെഞ്ചില്‍ പതിഞ്ഞു. ചോരയൊലിക്കുന്ന എന്നെ വലിച്ചിഴച്ച് പൊലീസ് വാനിലേക്കിട്ടു. വാനില്‍ എന്നെപ്പോലെ അവശരായ പത്തോളം പ്രവര്‍ത്തകര്‍. വാനിനുള്ളിലും ക്രൂരമായ മര്‍ദ്ദനം. ബോധം തിരിച്ചു കിട്ടിയപ്പോള്‍ മഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ ആയിരുന്നു ഞാന്‍.
മൂന്നു യുവതാരകങ്ങളുടെ ജീവന്‍ പൊലിഞ്ഞ, അവകാശ സമരത്തിന്റെ രണവീഥിയില്‍ കൊടിയപീഡനം നേരിട്ട, ആ ദിവസത്തിന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല. ഭാഷാസമരം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വലിയ പ്രചോദനവും പാഠവുമായിത്തീര്‍ന്നു. ഒരു ധര്‍മസമരത്തിനെന്ന പോലെ അരയും തലയും മുറുക്കി, റമസാന്‍ നോമ്പിന്റെ പൈദാഹത്തളര്‍ച്ചകള്‍ വകവെക്കാതെ എത്തിയ യുവാക്കള്‍ പാര്‍ട്ടിയുടെ കരുത്തും ശക്തിയും തെളിയിച്ചു. അവരെ വകവെക്കാതെയും അവരുടെ അവകാശബോധത്തെ നിരാകരിച്ചും തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയില്ലെന്ന സന്ദേശവും ഭാഷാസമരം കേരളത്തിനു നല്‍കി. ജൂലൈ മുപ്പതിനു അടിയും ഇടിയും ഏറ്റുവാങ്ങി ചോര തുപ്പിയ ഒട്ടേറെ പ്രവര്‍ത്തകരുണ്ട്. നിസ്വാര്‍ത്ഥരായ, നിഷ്‌കാമകര്‍മ്മികളായ പ്രവര്‍ത്തകര്‍. അവരുടെ കൂടി യാതനകളുടെ ഫലമാണു പാര്‍ട്ടി നേടിയ ഭാവിയും വളര്‍ച്ചയും. ഇന്നും അവകാശ നിഷേധങ്ങള്‍ക്കെതിരെയുള്ള സമരാഗ്നി ആളിക്കത്തേണ്ട സമയങ്ങളില്‍ അനീതിക്കെതിരെ ചുടുചോര ചിന്തി സമരം ചെയ്ത അന്നത്തെ ധീരപോരാളികള്‍ മാതൃകകളായി നിലകൊള്ളുന്നു. ജനാധിപത്യ കേരളത്തിന് ഒരിക്കലും മറക്കാന്‍ കഴിയില്ല ആ സമരം.

SHARE