പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് മിന്നും ജയം, ബി.ജെ.പി സഖ്യത്തെ തരിപ്പണമാക്കി

ചണ്ഡീഗഡ്: പഞ്ചാബിലെ ജില്ലാ പഞ്ചായത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും നടന്ന തെരഞ്ഞെടുപ്പികളിലെ ഫലം പുറത്തുവരുമ്പോള്‍ ബി.ജെ.പി സഖ്യത്തെ തരിപ്പണമാക്കി കോണ്‍ഗ്രസിന് മിന്നും ജയം. 22 ജില്ലാ പഞ്ചായത്തുകളിലെ 354 സീറ്റുകളിലും 150 പഞ്ചായത്ത് സമിതികളിലെ 2,900 സീറ്റുകളിലേക്കുമാണ് മത്സരം നടന്നത്. ഈ മാസം 19നായിരുന്നു തെരഞ്ഞടുപ്പ് നടന്നത്.

പാട്യാലയില്‍ 43 പഞ്ചായത്ത് സമിതി സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഭാട്ടിന്‍ഡയില്‍ ഏഴ് സീറ്റിലും അമൃതസറില്‍ 12 സീറ്റിലും കോണ്‍ഗ്രസ് മികച്ച വിജയം നേടി. എതിരാളികളെ ഏറെ പിന്നിലാക്കിയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. ലുധിയാന, ജലന്ധര്‍ എന്നിവിടങ്ങളിലും ശക്തമായ മുന്നേറ്റം കോണ്‍ഗ്രസ് നടത്തുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയാട്ടില്ല. മിക്കയിടങ്ങളിലും കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയതെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജില്ലാപഞ്ചായത്തുകളിലെ 33 സീറ്റുകളിലേക്കും പഞ്ചായത്ത് സമിതികളിലെ 369 സീറ്റുകളിലേക്കും കോണ്‍ഗ്രസ് പ്രതിനിധികളെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.

 

പത്തു വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്രയും മികച്ച വിജയം നേടുന്നത്. ശിരോമണി -അകാലിദള്‍-ബിജെപി സഖ്യമായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി. പാട്യാല ജില്ലാ പഞ്ചായത്തില്‍ 43 സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയപ്പോള്‍ അകാലിദള്‍ രണ്ടു സീറ്റില്‍ മാത്രമാണ് ജയിച്ചത്. എ.എ.പിക്ക് ഇവിടെ അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കോണ്‍ഗ്രസ് അകാലി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി 50000 പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് നിയോഗിച്ചിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ഓരോ ഗ്രാമങ്ങളും അംഗീകരിക്കുന്നതിന്റെ സൂചനയാണിതെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ പഞ്ചാബിലെ ഫലം കോണ്‍ഗ്രസിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്.