പഞ്ചാബില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയില്‍ നിന്ന് രോഗം പകര്‍ന്നത് 23 പേര്‍ക്ക്

കോവിഡ് ബാധിച്ച് പഞ്ചാബില്‍ മരിച്ച രോഗി 23 പേര്‍ക്ക് രോഗം പകര്‍ന്നതായി റിപ്പോര്‍ട്ട്. പഞ്ചാബില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 33 കേസുകളില്‍ 23ഉം ഇയാളിലൂടെ പകര്‍ന്നതെന്നാണു വിവരം. മാര്‍ച്ച് 18നായിരുന്നു ഇയാള്‍ മരിച്ചത്. പഞ്ചാബിലെ ഗുരുദ്വാരയിലെ പുരോഹിതനായ 70കാരന്‍ രണ്ടാഴ്ച മുമ്പാണ് ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയത്.

അടുത്ത ഗ്രാമങ്ങളില്‍ നിന്ന് രണ്ടു പേരും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. മടങ്ങി വന്ന ഉടനെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും വകവയ്ക്കാതെ നാട്ടിലിറങ്ങി നടക്കുകയും ആളുകളുമായി ഇടപഴകുകയും ചെയ്തു. തുടര്‍ന്ന് നിരവധി യാത്രകളും, വിവിധ ആഘോഷങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്നാണ് യാത്രാവിവരങ്ങള്‍ പരിശോധിച്ച അധികൃതര്‍ക്ക് വ്യക്തമായത്.

മരിച്ച രോഗിയുടെ 14 കുടുബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥരീകരിച്ചു. ഈ കൂട്ടത്തിലുള്ള ഇയാളുടെ ചെറുമകനും ചെറുമകളും നിരവധി ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും തെളിഞ്ഞു. രാജ്യത്തുടനീളം 724 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 47 പേര്‍ വിദേശികളാണ്.

SHARE