സിദ്ദു കോണ്‍ഗ്രസിലെത്തിയത് ഉപാധികളില്ലാതെ: അമരീന്ദര്‍

ചണ്ഡിഗഡ്: യാതൊരു ഉപാധിയും മുന്നോട്ടുവെക്കാതെയാണ് ക്രിക്കറ്റ് താരവും മുന്‍ ബി.ജെ.പി എം.പിയുമായ നവജോത് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. തന്റെ ടീമിലെ വിലപിടിപ്പുള്ള താരമാണ് സിദ്ദുവെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം പാര്‍ട്ടിക്ക് ശക്തി പകരുമെന്നും ഇരുവരും ഒന്നിച്ച് നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ അമരീന്ദര്‍ പറഞ്ഞു. ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതില്‍ അമരീന്ദര്‍ പങ്കെടുക്കാത്തത് വാര്‍ത്തയായിരുന്നു. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താങ്ങളാണോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി അധ്യക്ഷയാണെന്നായിരുന്നു പ്രതികരണം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ട് അസംബന്ധമാണെന്ന് സിദ്ദു പറഞ്ഞു. മകന്‍ മകനും അച്ഛന്‍ അച്ഛനുമാണെന്നുമായിരുന്നു സിദ്ദുവിന്റെ പ്രതികരണം. അധികാരം ലഭിച്ചാല്‍ സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് സൂചന.