ചാവേര്‍ ഉപയോഗിച്ച വാഹനം കശ്മീര്‍ സ്വദേശിയുടേത്, പുല്‍വാമ ആക്രമണത്തില്‍ നിര്‍ണായക തെളിവുമായി എന്‍.ഐ.എ

ന്യൂഡല്‍ഹി: പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് എന്‍.ഐ.എ. കശ്മീരിലെ അനന്ദ്‌നാഗ് ജില്ലയിലെ ബിജ്‌ബെഹറയില്‍ നിന്നുള്ള സജ്ജാദ് ഭട്ട് എന്ന യുവാവാണ് അക്രമത്തിനുപയോഗിച്ച മാരുതി ഈക്കോ വാനിന്റെ ഉടമ. ഭീകരാക്രമണം നടന്ന സ്ഥലത്തു നിന്ന് ശേഖരിച്ച വാഹനാവശിഷ്ടങ്ങള്‍ വച്ച് ഫോറന്‍സിക്, ഓട്ടോമൊബൈല്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് വാഹനം എന്‍.ഐ.എ തിരിച്ചറിഞ്ഞത്.

ഏഴു തവണ വില്‍പന നടത്തിയ ശേഷമാണ് വാഹനം സജ്ജാദിലേക്കെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സജ്ജാദിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. അതേസമയം സജ്ജാദും ജെയ്‌ഷെ മുഹമ്മദില്‍ അംഗമാണെന്നാണ് ലഭിക്കുന്ന വിവരം. ചാവേറാക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇയാള്‍ നീക്കം നടത്തുന്നതായും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി 14നാണ് ജമ്മു-ശ്രീനഗര്‍ പാതയില്‍ സൈനിക വാഹന വ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണമുണ്ടായത്.