പുല്‍വാമയില്‍ സമാന രീതിയില്‍ കാര്‍ സ്ഫോടനം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി സുരക്ഷാസേന

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 2019 ല്‍ നടന്ന സമാന കാര്‍ബോംബ് സ്ഫോടനം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി സുരക്ഷാസേന. 20 കിലോയിലധികം ഐ.ഇ.ഡി (സ്ഫോടക വസ്തു) വഹിച്ചുള്ള വന്‍ ആക്രമണം നടത്താന്‍ പര്യാപ്തമായ ഒരു കാര്‍ സുരക്ഷാസേന തടഞ്ഞു നിര്‍ത്തി നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, വ്യാജ രജിസ്‌ട്രേഷന്‍ നമ്പറുള്ള ഒരു വെളുത്ത ഹ്യുണ്ടായ് സാന്‍ട്രോ കാര്‍ ചെക്ക് പോയിന്റില്‍ നിര്‍ത്താതെ ബാരിക്കേഡ് കടന്നു പോകാന്‍ ശ്രമിച്ചുവെന്ന് പോലീസ് പറഞ്ഞു.
വ്യാജ രജിസ്ട്രേഷനിലുള്ള ഒരു കാര്‍ ചെക്ക്പോയിന്റില്‍ നിര്‍ത്താന്‍ സിഗ്‌നല്‍ നല്‍കിയെങ്കിലും ബാരിക്കേഡുകള്‍ മറികടന്ന് പോകാന്‍ ശ്രമിച്ചുവെന്ന് കശ്മീര്‍ പോലീസ് പറഞ്ഞു.

‘കാര്‍ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് സുരക്ഷഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാറിനുള്ളില്‍ നിന്ന് 20 കിലോയിലധികം വരുന്ന ഐ.ഇ.ഡി കണ്ടെടുത്തു’ ഐ.ജി വിജയ് കുമാര്‍ പറഞ്ഞു. ആക്രമണ സാധ്യതയുണ്ടെന്ന് തങ്ങള്‍ രഹസ്യന്വേഷണ വിവരം ലഭിച്ചിരുന്നതായും ഇന്നലെ മുതല്‍ ഐഇഡി അടങ്ങിയ വാഹനത്തിനായി തിരച്ചില്‍ നടത്തിവന്നിരുന്നതായും അദ്ദേഹം വ്യക്തമാക്കി. സ്ഫോടന വസ്തു നിറച്ച കാര്‍ പിന്നീട് സുരക്ഷാ സേന തകര്‍ക്കുന്ന എഎന്‍ഐ പുറത്തുവിട്ടു.

പുല്‍വാമയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ നാല്പതോളം സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ സ്‌ഫോടന വസ്തുക്കള്‍ എവിടുന്ന് എത്തി തുടങ്ങി സംഭവത്തിലെ സമഗ്ര റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.